അഡ്ലെയ്ഡില്‍ ബൈബിള്‍ 'കലോത്സവം 2015' ജൂലൈ 12ന്
Saturday, July 4, 2015 8:38 AM IST
അഡ്ലെയ്ഡ്: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് മിഷന്‍ അഡ്ലെയ്ഡില്‍ ജൂലൈ 12നു (ഞായര്‍) ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നു.

സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ബൈബിള്‍ കലോത്സവത്തിന്റെ വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കുക. അതോള്‍ പാര്‍ക്കിലുള്ള ഡോം കൊപെര്‍നിക ഹാളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവം പ്രഥമ വികാരി ഫാ. ഫ്രെഡി ഇലവുതിങ്കല്‍ ഉദ്ഘാടനം ചെയ്യും. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സിറ്റി കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. പോള്‍ കാഷന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഏകദേശം മുന്നൂറിലധികം വിദ്യാര്‍ഥികളാണ് അഡ്ലെയ്ഡിന്റെ മൂന്നു മേഖലകളിലായി സീറോ മലബാര്‍ സഭയുടെ കീഴില്‍ വേദപഠനം നടത്തുന്നത്. അര്‍പ്പണ ബോധമുള്ള മികച്ച അധ്യാപകരുടെ സേവനം കൊണ്ടാണ് നാട്ടിലേതുപോലെ ഇവിടെയും മികച്ച രീതിയില്‍ സണ്‍ഡേ സ്കൂള്‍ പ്രവര്‍ത്തിച്ചുപോരുന്നത്.

രാവിലെ പത്തിന് ആരംഭിക്കുന്ന കലാമത്സരങ്ങളില്‍ പാട്ട്, ഡാന്‍സ്, സ്കിറ്റ്, ടാബ്ളോ തുടങ്ങിയ നിരവധി ഇനങ്ങളില്‍ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. കോഓര്‍ഡിനേറ്റര്‍ ലിവിന്‍ ലിയോണും സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ ഷാജി ജേക്കബും പേരന്റ്സ് ടീച്ചേഴ്സ് പ്രസിഡന്റ് തോമസ് ആന്റണിയും ബൈബിള്‍ കലോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ആന്റണി മാവേലി