'ദാനശീലം വളര്‍ത്തി ചൂഷണ വ്യവസ്ഥിതികളെ നേരിടുക'
Friday, July 3, 2015 8:10 AM IST
റിയാദ്: കൊള്ളപലിശകള്‍ ലോകം അടക്കിവാണുകൊണ്ടിരിക്കുമ്പോള്‍ ദുര്‍ബലരും അശരണരുമായ സാധുജനങ്ങള്‍ക്ക് ആശ്രയമാവുന്നത് അലിവും ആര്‍ദ്രതയും നിറഞ്ഞു നില്‍ക്കുന്ന ഹൃദയങ്ങള്‍ പകുത്തു നല്‍കുന്ന ദാനധര്‍മങ്ങള്‍ മാത്രമാണെന്ന് ആര്‍ഐസിസി ചെയര്‍മാന്‍ സുഫിയാന്‍ അബ്ദുസലാം. ഓള്‍ഡ് സനായ്യ ഇസ്സാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാചകന്‍ ജീവിച്ചിരുന്ന കാലഘട്ടത്തെക്കാളും ആധുനിക സമൂഹത്തില്‍ പലിശയുടെ ചൂഷണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. ഖുര്‍ആന്‍ വചനം സൂചിപ്പിക്കുന്നത് ദാനമാണു ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക ചൂഷണങ്ങള്‍ക്കുള്ള പ്രതിവിധി എന്നതാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി പലിശയെ ആശ്രയിക്കുന്നവര്‍ പലിശയെ അടിസ്ഥാനമാക്കി രൂപപ്പെട്ട സാമ്പത്തിക സിദ്ധാന്തങ്ങളെ അവലംബമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ കടക്കെണികളി ലകപ്പെട്ട് തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന കാര്യം ഓര്‍ക്കണം. കൂടുതല്‍ ദാനശീലരായി ചൂഷണ വ്യവസ്ഥിതികളെ നേരിടാന്‍ വിശ്വാസിസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓള്‍ഡ് സനായ്യ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.വി. അഹമദ് സിദ്ദിഖ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. മുബാറക് സലഫി, ഷാകിര്‍ വള്ളിക്കാപറ്റ എന്നിവര്‍ സംസാരിച്ചു. ഓള്‍ഡ് സനായ്യ ഏരിയയില്‍നിന്നു ക്യുഎച്ച്എല്‍സി ഒന്നാം ഘട്ട പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനം റാഫി സ്വലാഹി ചുങ്കത്തറ നിര്‍വഹിച്ചു.

ഓള്‍ഡ് സനായ്യ ഇസ്ലാഹി ടെന്റില്‍ നടന്ന സംഗമത്തിനു ഇസ്ലാഹി സെന്റര്‍ സെക്രട്ടറി അബ്ദുറഷീദ് വേങ്ങര, നൌഷാദ് പെരിങ്ങോട്ടുകര, ആരിഫ് വാഴക്കാട്, ശിഹാബ് മണ്ണാര്‍കാട്, ഷാനവാസ് ഖാലിദിയ, അര്‍ഷദ് ആലപ്പുഴ, അബ്ദുള്‍ ലത്തീഫ് കോട്ടക്കല്‍, മൊയ്തു അരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.