തിരുശേഷിപ്പ് പ്രയാണം
Friday, July 3, 2015 8:08 AM IST
ബംഗളൂരു: ചെറുപുഷ്പ മിഷന്‍ലീഗ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് പ്രയാണം ജൂലൈയില്‍ ആരംഭിക്കും. ജൂലൈ മൂന്നിന് മൈസൂരുവില്‍ മാണ്ഡ്യ രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മോണ്‍. ജോര്‍ജ് ആലുക്ക പ്രയാണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ടൈറ്റസ് തോമസ്, മിഷന്‍ലീഗ് യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാണ്ഡ്യ രൂപതയിലെ ദേവാലയങ്ങളില്‍ പ്രയാണം നടത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മാണ്ഡ്യ രൂപതയിലും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബംഗളൂരുവിലെ സീറോ മലബാര്‍ ദേവാലയങ്ങളിലും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ബല്‍ത്തങ്ങാടി രൂപതയിലും 2016 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഭദ്രാവതി രൂപതയിലും പ്രയാണം നടത്തും.

ബംഗളൂരുവില്‍ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. സജി പരിയപ്പനാല്‍ തിരുശേഷിപ്പ് പ്രയാണത്തിനു നേതൃത്വം നല്കും. ബല്‍ത്തങ്ങാടിയില്‍ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മറ്റവും ഭദ്രാവതിയില്‍ ഫാ. സെബാസ്റ്യന്‍ പുല്ലുകാട്ടും തിരുശേഷിപ്പ് ഏറ്റുവാങ്ങി പ്രയാണത്തിനു നേതൃത്വം നല്കും.

പ്രയാണത്തിനു ശേഷം തിരുശേഷിപ്പ് ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. സംസ്ഥാനത്തെ എല്ലാ സീറോ മലബാര്‍ ദേവാലയങ്ങളിലും തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് മധ്യസ്ഥപ്രാര്‍ഥന നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ആരംഭിച്ചതായി മിഷന്‍ലീഗ് ഭാരവാഹികള്‍ അറിയിച്ചു.