മൂപ്പത്തൊന്നാമത് മാര്‍ത്തോമ കുടുംബ സംഗമത്തിനു തിരിതെളിഞ്ഞു
Friday, July 3, 2015 7:48 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനത്തിന്റെ 31-ാമത് കുടുംബസംഗമത്തിനു പ്രാര്‍ഥനാ നിര്‍ഭരമായ തുടക്കം. കണക്ടിക്കട്ടിലെ സ്റാമ്പ് ഫോര്‍ഡ് ഹില്‍ട്ടണ്‍ ഹോട്ടലിന്റെ മീറ്റിംഗ് ഹാളില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കുടുംബസമ്മേളനത്തിനു തിരിതെളിച്ചു.

മൂന്നു ദിവസങ്ങളില്‍ 'കുടുംബങ്ങളുടെ കുടുംബമായ സഭയുടെ ദൌത്യം' മാനവീകതയുടെ പ്രത്യാശ' എന്ന സമ്മേളന ചിന്താവിഷയത്തെ അധികരിച്ചുളള പഠനങ്ങള്‍ നടക്കും. ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച ഉദ്ഘാന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നുളള വൈദികര്‍, അസംബ്ളി, കൌണ്‍സില്‍ അംഗങ്ങള്‍, അത്മായ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നോര്‍ത്ത് ഈസ്റ് റീജണ്‍ ആതിഥ്യമരുളുന്ന കുടുംബ സംഗമത്തില്‍ 250ല്‍ പരം കുടുംബങ്ങളില്‍നിന്നായി അഞ്ഞൂറിലധികം സഭാവിശ്വാസികള്‍ പങ്കെടുത്തു. വേദ പഠനം, സംഗീത പരിശീലനം, കുടുംബ ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുളള പഠന ക്ളാസുകള്‍ കുട്ടികള്‍ക്കായുളള പ്രത്യേക ക്ളാസുകള്‍, ടാലന്റ് നൈറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ നടക്കും. തികഞ്ഞ വാഗ്മിയും വേദശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. ഷാം പി. തോമസ് പ്രധാന ക്ളാസുകള്‍ക്കു സെഷനുകള്‍ക്കു നേതൃത്വം നല്‍കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗായകസംഘവും യൂത്ത് ഗ്രൂപ്പും അവതരിപ്പിച്ച ഗാനങ്ങള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സമ്മേളനത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് കമ്മിറ്റി വളരെ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യേശു ക്രിസ്തുവില്‍ അടിസ്ഥാനമിട്ട കുടുംബ ജീവിത്തിനുടമകളായി മാറുവാന്‍ കുടുംബ സമ്മേളനം ഇടയായി തീരുമെന്ന പ്രത്യാശയും പ്രാര്‍ഥനയും പങ്കെടുക്കുന്ന സഭാ വിശ്വാസികള്‍ പങ്കുവച്ചു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ വിശ്വാസികളുടെ കുടുംബ കൂട്ടായ്മ ജൂലൈ അഞ്ചിനു സമാപിക്കും.

ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സക്കറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം