ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ ഓര്‍മ പെരുന്നാള്‍ ആചരിച്ചു
Friday, July 3, 2015 7:06 AM IST
ഹൂസ്റണ്‍: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍ കീഴിലുളള ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ വിശുദ്ധ പത്രോസ് ശ്ളീഹായുടെ ഓര്‍മ പെരുന്നാള്‍ ആഘോഷിച്ചു.

ഹൂസ്റണിലും സമീപ പ്രദേശങ്ങളിലുമുളള യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ ആഗ്രഹ പ്രകാരം താല്‍ക്കാലിക ക്രമീകരണമെന്നോണം സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മാര്‍ തീത്തോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പോള്‍ തോട്ടക്കാട്ട് (കൌണ്‍സില്‍ മെംബര്‍) റവ. ഫാ. ഷിനോജ് ജോസഫ് റവ. ഫാ. മാര്‍ട്ടിന്‍ ബാബു എന്നിവര്‍ സഹ കാര്‍മികരായിരുന്നു. കൌണ്‍സില്‍ അംഗങ്ങളായ ജോര്‍ജ് പൈലി, അലക്സ് ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.

ക്രൈസ്തവ സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അനേക പീഡനങ്ങളിലൂടേയും പ്രതിസന്ധികളിലൂടേയും കടന്നുപോയിട്ടുളള സന്ദര്‍ഭങ്ങളിലെല്ലാം സത്യ വിശ്വാസ സംരക്ഷണത്തിനായി നമ്മുടെ പിതാക്കന്മാര്‍ അനുഭവിച്ചിട്ടുളള കഷ്ടതകളും യാതനകളും ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്ന് മെത്രാപ്പോലീത്ത വിശ്വാസികളെ ഓര്‍മിപ്പിച്ചു.

സമീപ കാലത്ത് ഈ ദേവാലയത്തിലും ഉണ്ടായിട്ടുളള പ്രതിസന്ധികളില്‍ വിശ്വാസികള്‍ അടി പതറാതെ പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ പ്രാര്‍ഥനയോടും ജാഗ്രതയോടും കൂടെ പ്രവര്‍ത്തിക്കുവാന്‍ ഇടവകാംഗങ്ങളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആരാധനയ്ക്ക് മുടക്കം വരാതെ തുടര്‍ന്നും ആരാധന നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ക്കായി ഉചിതമാം തീരുമാനം കൈക്കൊളളുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.

തുടര്‍ന്നു സംസാരിച്ച ഫാ. പോള്‍ തോട്ടക്കാട്, പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്നവനല്ല, യഥാര്‍ഥ ക്രൈസ്തവനെന്നും പ്രതിസന്ധികളെ അതി ജീവിക്കുകയെന്നതാണ് നമ്മുടെ കര്‍ത്തവ്യമെന്നും ഇടവകാംഗങ്ങളെ ബോധവത്കരിച്ചു.

ഹൂസ്റണ്‍, ഡാളസ് തുടങ്ങിയ മേഖലകളില്‍ നിന്നായി നൂറോളം വിശ്വാസികള്‍ വിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച് ധന്യരായി. സ്നേഹ വിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമായി.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍