ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ ഇടവകദിനാചരണം ശ്രദ്ധേയമായി
Friday, July 3, 2015 7:04 AM IST
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ (ഐസിസി വിയന്ന) ഇടവകത്തിരുനാളും ഇടവകദിനാചരണവും അവിസ്മരണീയമായി. എട്ടു വൈദികര്‍ അര്‍പ്പിച്ച സമൂഹബലി തിരുനാളിന്റെ ഏറ്റവും പ്രധാന ആകര്‍ഷണവും മലയാളി വിശ്വാസ പൈതൃകത്തിന്റെ നേര്‍സാക്ഷ്യവുമായി.

വിശുദ്ധ തോമാശ്ളീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും ഓര്‍മത്തിരുനാള്‍ ലൂര്‍ദ് മാതാവിന്റെ മധ്യസ്ഥതയില്‍ സംയുക്തമായി ആഘോഷിച്ചാണ് ഐസിസി വിശ്വാസ സമൂഹം ഇടവകദിനാചരണം നടത്തിയത്.

ജൂണ്‍ 21നു ഇടവകയുടെ കേന്ദ്രമായ മൈഡ് ലിംഗ് ദേവാലയത്തില്‍ ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഡോ. ഫാ. തോമസ് താണ്ടപിള്ളി നയിച്ച തിരുക്കര്‍മ്മങ്ങളില്‍ ഫാ. ജോമോന്‍ ചേറോലിക്കല്‍ സന്ദേശം നല്‍കി.

വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവകയുടെ മധ്യസ്ഥരായ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തിനു വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ഫ്രാന്‍സ് ഷാര്ള്‍ നേതൃത്വം നല്‍കി. കേരളിയ രീതിയില്‍ പ്രാര്‍ഥനകള്‍ ചൊല്ലിയും മുത്തുക്കുടകളും ബാന്‍ഡും അകമ്പടിയായി നീങ്ങിയ പ്രദക്ഷിണം മലയാളികള്‍ക്കു മാതൃനാട്ടിലെ തിരുനാള്‍ അനുഭവം സമ്മാനിച്ചു. ബിഷപ് ഷാര്ള്‍ സമാപന സന്ദേശം നല്‍കി. വേറിട്ട രീതിയിലെ വിശ്വാസ പ്രഘോഷണം തദ്ദേശവാസികളെയും അദ്ഭുതപ്പെടുത്തി. മൈഡ് ലിംഗര്‍ ഹൌപ്ത് സ്ട്രാസെ വരെ നടത്തിയ പ്രദക്ഷിണം ലുത്തിനിയയും വാഴ്വും നേര്‍ച്ച വിതരണത്തോടെയുമാണു സമാപിച്ചത്.

തിരുനാളിനോടനുബന്ധിച്ച് സ്റ്ഡ്ലൌ ദേവാലയത്തിന്റെ വികാരിയായിരുന്ന ഫാ. ഹാന്‍സ് റാന്ദയെ ഐസിസി ആദരിച്ചു. ഫാ. ഹാന്‍സിന്റെ സഹകരണത്തിനും പ്രോത്സാഹനത്തിനും ഐസിസി നന്ദി പറഞ്ഞു. അതോടൊപ്പം വൈദിക ജീവിതത്തിലേയ്ക്ക് പ്രവേശിച്ച വിയന്നയില്‍നിന്നുള്ള റിച്ചാര്‍ഡ് വെള്ളൂക്കുന്നേലിന് ഐസിസി ഉപകാരം നല്‍കി. പ്രാര്‍ഥനാശംസകള്‍ നേരുകയും ചെയ്തു. തിരുനാളില്‍ സംബന്ധിച്ച ഏവര്‍ക്കും ബിഷപ്പിനും വൈദീക സമൂഹത്തിനും ഐസിസി ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലയില്‍ നന്ദി പറഞ്ഞു.

ഐസിസി ചാപ്ളെയിന്‍ ഡോ. ഫാ. തോമസ് താണ്ടപിള്ളിയോടൊപ്പം ഫാ. ജോയി പ്ളാത്തോട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെക്കാലയില്‍, സെക്രട്ടറി സ്റീഫന്‍ ചെവ്വൂക്കാരന്‍, ലിറ്റര്‍ജി കണ്‍വീനര്‍ കുര്യന്‍ ആനിനില്‍ക്കുംപറമ്പില്‍ എന്നിവരടക്കമുള്ള ഇടവക കമ്മിറ്റി ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. തിരുനാളിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഐസിസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി