വാല്‍സിംഗ്ഹാം മരിയോത്സവം ജൂലൈ 19ന്
Friday, July 3, 2015 7:01 AM IST
വാല്‍സിംഗ്ഹാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യുകെയിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍സിംഗ്ഹാം മരിയന്‍ പുണ്യ തീര്‍ഥാടനത്തില്‍ ഇതാദ്യമായി മൂന്നു ബിഷപ്പുമാരുടെ സാന്നിധ്യവും ശുശ്രൂഷകളും ലഭിക്കുന്നു.

പരിശുദ്ധ കന്യാമറിയം നസ്രത്തിലെ സ്ഥലം യുകെയിലേക്കു പറിച്ചു നട്ടതായി വിശ്വസിക്കുന്ന വാല്‍സിംഗ്ഹാം സന്ദര്‍ശനത്തില്‍ തങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് മറുപടി ലഭിക്കുന്നതായും അവിടുത്തെ തീര്‍ഥ ജലം രോഗ ശാന്തി നല്‍കുന്നതായുമുള്ള അനുഭവസാക്ഷ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചപ്പോള്‍ തീര്‍ഥാടകരുടെ വന്‍ ഒഴുക്കാണ് കഴിഞ്ഞ നൂറു കണക്കിനു വര്‍ഷങ്ങളായി വാല്‍സിംഗ്ഹാമില്‍ നടക്കുന്നത്.

വാല്‍സിംഗ്ഹാം ഉള്‍ക്കൊള്ളുന്ന ആതിഥേയ രൂപതയായ ഈസ്റ് ആംഗ്ളിയായുടെ അധ്യക്ഷനും യുകെയിലെ കാത്തലിക് മൈഗ്രന്‍സിന്റെ ചുമതലയും ഉള്ള ബിഷപ് അലന്‍ ഹോപ്പ്സ് ആമുഖ പ്രാര്‍ഥന ചൊല്ലി തീര്‍ഥാടനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. സീറോ മലബാര്‍ സഭ തക്കല രൂപതാധ്യക്ഷനും ഒമ്പതാമത് സീറോ മലബാര്‍ വാല്‍സിംഗ്ഹാം തീര്‍ഥാടനത്തിന്റെ മുഖ്യാഥിതിയുമായ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നീ മൂന്നു ബിഷപ്പുമാരാണ് മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കു ചേരുവാനും അത്ഭുതമായി ഉയര്‍ന്നു വന്ന 'നസ്രത്തിന്റെ' തനി പകര്‍പ്പായ വാല്‍സിംഗ്ഹാം മാതൃ ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ അര്‍പ്പിക്കാനെത്തുന്നത്.

തീര്‍ഥാടനത്തിന്റെ ആരംഭകനും നാളിതുവരെ വിജയകരമായി നയിക്കുകയും ചെയ്യുന്ന ചാപ്ളെയിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍, ഈസ്റ് ആംഗ്ളിയ ചാപ്ളെയിന്മാരായ ഫാ. ഫിലിപ്പ് പന്തംതൊട്ടിയില്‍, ഫാ. ടെറിന്‍ മുല്ലക്കര, വികാരി കിയര്‍ണി എന്നിവരുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട് ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഹണ്ടിംഗ്ഡന്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിവിധ കമ്മിറ്റികള്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്കു പുരോഗമിക്കുന്നു. തീര്‍ഥാടകര്‍ക്കു വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും വാല്‍സിംഗ്ഹാം പുണ്യ ചരിതവും പ്രാര്‍ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്നു കണ്‍വീനര്‍ ജെനി ജോസ് അറിയിച്ചു.

ജൂലൈ 19 നു (ഞായര്‍) ഉച്ചയ്ക്ക് 12നു വാല്‍സിംഗ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍ 22 6 ഡിബി) നിന്നും ഈസ്റ് ആംഗ്ളിയായുടെ ബിഷപ് അലന്‍ ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും. മരിയ ഭക്തിഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മരിയഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നശേഷം (13:15) തീര്‍ഥാടന സന്ദേശം, കുട്ടികളെ അടിമ വയ്ക്കല്‍ തുടര്‍ന്നു ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞു 2.45 നു ആഘോഷമായ തീര്‍ഥാടന തിരുനാള്‍ സമൂഹബലി ആരംഭിക്കും. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍, ഫാ. മാത്യു വണ്ടാലക്കുന്നേല്‍, ഈസ്റ് ആംഗ്ളിയ ചാപ്ളെയിന്മാരായ ഫാ. ഫിലിപ്പ് ജോണ്‍, ഫാ. ടെറിന്‍ മുല്ലക്കര തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹകാര്‍മികരായിരിക്കും.

മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ഥാടനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഹണ്ടിംഗ്ഡന്‍ സീറോ മലബാര്‍ കമ്യൂണിറ്റി അറിയിച്ചു. അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീര്‍ഥാടനശുശ്രൂഷകള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223, ജിജോ ജോര്‍ജ് 07869126064.

വിലാസം: അനൌണ്‍സിയേഷന്‍ ചാപ്പല്‍ എന്‍ആര്‍22 6 ഡിബി, സ്ളിപ്പര്‍ ചാപ്പല്‍ എന്‍ആര്‍22 6 എഎല്‍.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ