ഖുറൈസ് റോഡ് വാഹനാപകടം; പരിക്കേറ്റ റഷീദും മരിച്ചു
Friday, July 3, 2015 6:59 AM IST
റിയാദ്: ഞായറാഴ്ച രാത്രി റിയാദിലെ ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഷുമൈസി ആശുപത്രിയിലെത്തിച്ച മലപ്പുറം ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി പെരിങ്കടക്കാട്ട് അബ്ദുള്‍ റഷീദ് (37) മരിച്ചു.

പിക്കപ്പ് വാനും ട്രെയലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിക്കപ്പ് ഓടിച്ചിരുന്ന ആലുവ തോട്ടക്കാട്ടുകര സ്വദേശി തണ്ടിക്കല്‍ കല്ലയാനി മോഹനന്‍ (58) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ മലപ്പുറം കാക്കഞ്ചേരി സ്വദേശി ജയ്സല്‍ (30) ഷുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്.

അല്‍ ഈദ് എന്ന സിമന്റ് ഇഷ്ടിക നിര്‍മിക്കുന്ന കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട മൂന്നു പേരും. ഞായറാഴ്ച വൈകുന്നേരം കമ്പനി മാനേജരുടെ വീട്ടിലേക്കു ജോലിയാവശ്യാര്‍ഥം പോകുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. വണ്ടിയില്‍നിന്നു തെറിച്ച് റോഡിലേക്കു വീണ മോഹനന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഡ്രൈവറായ മോഹനന്‍ 25 വര്‍ഷമായി സൌദി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ലതിക. മക്കള്‍: മുബിന്‍, ടിബിന്‍.

അഞ്ചു വര്‍ഷം മുമ്പ് റിയാദിലെത്തിയ അബ്ദു റഷീദ് ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്ററാണ്. ഹസന്‍ കോയ, പാത്തുട്ടി ദമ്പതികളുടെ മകനായ റഷീദിന്റെ ഭാര്യ ജമീല. മക്കള്‍: മാജിദ നസ്റീന്‍ (15), അബ്ദുള്‍ ഹഖ് (12).

മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കു ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുനീബ് പാഴൂര്‍, മുയിനുദ്ദീന്‍ എന്നിവര്‍ സഹായത്തിനുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍