കുട്ടിക്രിക്കറ്റിന്റെ ആവേശം നിറച്ച് കെപിഎല്‍
Thursday, July 2, 2015 8:25 AM IST
ബംഗളൂരു: കര്‍ണാടകയില്‍ കുട്ടിക്രിക്കറ്റിന്റെ ആവേശം നിറയ്ക്കാന്‍ കര്‍ണാടക പ്രീമിയര്‍ ലീഗ് എത്തുന്നു. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 13 വരെ മൈസൂരുവിലും ഹുബ്ബള്ളിയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. വെറ്ററന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, സുനില്‍ ജോഷി, ഡേവിഡ് ജോണ്‍സണ്‍ എന്നിവര്‍ കെപിഎല്ലിന്റെ ഭാഗമാകുന്നു എന്നതാണ് ഒരു പ്രത്യേകത. കന്നഡ സിനിമാതാരം സുദീപിന്റെ ഉടമസ്ഥതയിലുള്ള റോക്സ്റ്റാര്‍ ടീമിനുവേണ്ടിയായിരിക്കും ഇവര്‍ കളത്തിലിറങ്ങുന്നത്.

കൂടാതെ പ്രമുഖ താരങ്ങളായ റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ എന്നിവരും കെപിഎല്ലില്‍ പങ്കെടുക്കും. ബംഗളൂരു ചിന്നസ്വാമി സ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കെപിഎല്ലിന്റെ ലോഗോ പുറത്തിറക്കി.

തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രാദേശിക പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ ബംഗളൂരുവിലാണ് മത്സരങ്ങള്‍ നടത്തിയിരുന്നതെങ്കില്‍, ചെറുനഗരങ്ങളില്‍ കൂടി ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മൈസൂരുവിലും ഹുബ്ബള്ളിയിലുമായി ഇത്തവണത്തെ മത്സരങ്ങള്‍ നടത്തുന്നത്.