കേരള സംഗീത നാടക അക്കാദമി മോഹിനിയാട്ടം ശില്പശാല ജൂലൈ 19ന്
Thursday, July 2, 2015 8:24 AM IST
ബംഗളൂരു: കേരള സംഗീത നാടക അക്കാദമി പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന മോഹിനിയാട്ടം ശില്പശാല ജൂലൈ 19നു മൈസൂരു കേരളസമാജം ഹാളില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണു പരിപാടി. കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന ശില്പശാല ഭോപ്പാല്‍, മൈസൂരു, പൂനെ, ചിച്വാഡ്, ചണ്ഡീഗഡ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണു ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തവേദിയിലെ സജീവസാന്നിധ്യമായ കലാശ്രീ സുനന്ദ നായരാണു ശില്‍പ്പശാലയ്ക്കു നേതൃത്വം നല്‍കുന്നത്. വിശ്വപ്രസിദ്ധ നര്‍ത്തകി ഡോ.കനക് റെലെയുടെ ശിഷ്യയാണ് സുനന്ദ നായര്‍. ഇന്ത്യയിലെ പ്രശസ്ത നൃത്തോത്സവങ്ങളിലും യുഎസ്, ഉത്തരകൊറിയ, സിംഗപ്പൂര്‍, ബഹ്റിന്‍, ദോഹ, അബുദാബി, മസ്കറ്റ്, ദുബായ്, ഓസ്ട്രേലിയ, മലേഷ്യ, റഷ്യ എന്നിവിടങ്ങളില്‍ നൃത്തപരിപടികള്‍ നടത്തിയിട്ടുണ്ട്.

ശില്‍പ്പശാലയില്‍ 10 വയസ്സിനു മുകളില്‍ പ്രായമുള്ള, രണ്ടു വര്‍ഷമെങ്കിലും നൃത്തപഠനം നടത്തിയവര്‍ക്കു മാത്രമേ പ്രവേശനംലഭിക്കുകയുള്ളൂ. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 10 മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്നു കേരള സംഗീത നാടക അക്കാഡമി ദക്ഷിണ മേഖലാ കോ-ഓര്‍ഡിനേറ്റര്‍ റജി കുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ചു മൈസൂരില്‍ നടന്ന യോഗത്തില്‍ മൈസൂരു കേരളസമാജം പ്രസിഡന്റ് ഇക്ബാല്‍ മണലോടി അധ്യക്ഷത വഹിച്ചു. ശില്‍പ്പശാലാ കോ-ഓര്‍ഡിനേറ്ററായി ഇന്ദിരാ നായരെ തെരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 8088886388. ഇ-മെയില്‍: സിമീൌവേ@ഴാമശഹ.രീാ