യൂറോപ്പില്‍ കൊടുംചൂട്; ജര്‍മനിയില്‍ മഞ്ഞു വീഴുമെന്നു പ്രവചനം
Thursday, July 2, 2015 8:16 AM IST
ബര്‍ലിന്‍: യൂറോപ്പില്‍ ഉഷ്ണവാതം ശക്തമായി തുടരുമ്പോഴും നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ അഞ്ചു മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ മഞ്ഞു വീഴ്ചയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി.

മണിക്കൂറില്‍ അറുപതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യത. കഴിവതും ഈ സമയത്ത് വാഹനങ്ങള്‍ റോഡില്‍ ഇറക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, 35 മുതല്‍ 40 ഡിഗ്രി വരെ ഉയര്‍ന്ന പകല്‍ താപനിലയും തെളിഞ്ഞ ആകാശവുമുള്ള നാട്ടില്‍ ഇങ്ങനെയൊരു മുന്നറിയിപ്പു ലഭിച്ചത് ജനങ്ങളെ അമ്പരപ്പിക്കുകയും ചെയ്യുന്നു.

ഇതിനിടെ, യൂറോപ്പിന്റെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി വരെ ഉയര്‍ന്നിരിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഇതാണ് അവസ്ഥ. യുകെയിലാകട്ടെ, 2006നു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസവും രേഖപ്പെടുത്തിക്കഴിഞ്ഞു.

ഏതാനും ദിവസം കൂടി മിക്കയിടങ്ങളിലും തല്‍സ്ഥിതി തുടരുമെന്നാണ് കരുതുന്നത്. ഇതു കൊച്ചുകുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കുമെന്നും മുന്നറിയിപ്പ്. ഫ്രാന്‍സില്‍ സമാന താപനില 2003ല്‍ പതിനയ്യായിരത്തോളം പേരുടെ മരണത്തിനിടയാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍