മലയാളി നഴ്സിന്റെ അപകട മരണത്തിനു നഷ്ടപരിഹാരം ലഭിച്ചില്ല; എംബസിയുടെ അനാസ്ഥയെന്നു പിതാവിന്റെ പരാതി
Thursday, July 2, 2015 8:16 AM IST
റിയാദ്: പതിനാലു വയസുകാരനായ സ്വദേശി ബാലന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് വര്‍ഷം മുമ്പ് അല്‍ ഖര്‍ജില്‍ മരണപ്പെട്ട മലയാളി നഴ്സിന്റെ കുടുംബത്തിനു ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ഇന്ത്യന്‍ എംബസി വേണ്ടത്ര താത്പര്യം കാണിക്കാത്തതാണ് ഇതിനു കാരണമെന്നും കേസ് ത്വരിതഗതിയിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുമാവശ്യപ്പെട്ട് മരിച്ച നഴ്സിന്റെ പിതാവ് എംബസി ചാര്‍ജ് ഡി അഫയേഴ്സ് ഹേമന്ത് കോട്ടേല്‍വാരിനു നിവേദനം സമര്‍പ്പിച്ചു.

ചങ്ങനാശേരി മടപ്പള്ളി സ്വദേശി മംഗലത്ത് വീട്ടില്‍ ജൂഡി മാത്യു (26) ആണ് 2012 ഒക്ടോബര്‍ 26 ന് അല്‍ ഖര്‍ജില്‍ വാഹനാപകടത്തില്‍ മരിച്ചത്. അല്‍ ഖര്‍ജിലെ ഒരു ഡെന്റല്‍ ക്ളിനിക്കില്‍ സ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ജൂഡി. ഡ്യൂട്ടി കഴിഞ്ഞു പോകവേ റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് ജൂഡിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. കാറോടിച്ചിരുന്ന സൌദി ബാലനെ ഉടനെ പോലീസ് അറസ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അപകടം നടന്ന ഉടനെ വാഹനം ഓടിച്ച് രക്ഷപ്പെട്ട ബാലനെ പിന്നീട് പിതാവാണു പോലീസ് സ്റേഷനില്‍ ഹാജരാക്കിയത്. 75 ശതമാനവും അപകടത്തിനു കാരണക്കാരന്‍ സൌദി ബാലനാണെന്നാണ് പോലീസ് അന്നു റിപ്പോര്‍ട്ട് ചെയ്തത്. കേസിന്റെ നടത്തിപ്പിനു ഹാജരാകാന്‍ ഇന്ത്യന്‍ എംബസിക്കു പിതാവ് അന്നുതന്നെ അധികാര പത്രം നല്‍കിയിരുന്നു. ഒരു മാസം കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

ജൂഡിയുടെ മാതാവ് ലിസി മാത്യു അപകട വിവരം അറിഞ്ഞതു മുതല്‍ രോഗശയ്യയിലായിരുന്നെന്നും ഏതാനും മാസം മുമ്പ് അവര്‍ മരിച്ചതോടെ എഴുപത് പിന്നിട്ട താന്‍ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്നും പിതാവ് പരാതിയില്‍ ബോധിപ്പിച്ചു.

ഇതിനും മുമ്പും നിരവധി തവണ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കിയെങ്കിലും ഇതുവരെ കേസ് വിളിക്കാനുള്ള ശ്രമങ്ങള്‍ പോലും ഇന്ത്യന്‍ എംബസി സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗത്തില്‍നിന്നു നടത്തിയിട്ടില്ലെന്നാണു പുതിയ പരാതിയില്‍ മാത്യു പറയുന്നത്. വേണ്ടത്ര സ്റാഫില്ലെന്ന സ്ഥിരം കാരണങ്ങള്‍ പറഞ്ഞ് ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറുന്ന ഇന്ത്യന്‍ എംബസി അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണു സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ജൂഡി മാത്യുവിന്റെ കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ വേണ്ടത് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് മാത്യു ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ പരാതിയുടെ കോപ്പി നോര്‍ക്കയ്ക്കും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച ഒരു പരാതിക്കു പോലും ഇന്ത്യന്‍ എംബസി ഒരു മറുപടി പോലും അയച്ചിട്ടില്ലെന്നും മാത്യു പറയുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍