കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സീനിയേഴ് ഫോറം സംഘടിപ്പിച്ചു
Thursday, July 2, 2015 8:14 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 27നു (ശനി) ഗാര്‍ലാന്‍ഡിലുള്ള ഇന്ത്യ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സീനിയേഴ്സ് ഫോറം പരിപാടി വിജയമായി.

മുതിര്‍ന്നവരെ ആദരിക്കുവാനും ഒത്തുകൂടാനും വേദിയൊരുക്കി വിവിധ വിനോദ വിജ്ഞാന പരിപാടികളും ഉള്‍പ്പെടുത്തിയാണ് അസോസിയേഷന്‍ സീനിയേഴ്സ് ഫോറം പരിപാടി നടത്തിവരുന്നത്. ശനിയാഴ്ച നടന്ന സീനിയേഴ്സ് ഫോറത്തില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍നിന്നും പരിസര പ്രദേശങ്ങളില നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു. രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു ഫോറം.

ആരോഗ്യ രംഗത്തെ വിദഗ്ധരായ ഡോ. ശ്രീകുമാരന്‍ നായര്‍, ജയ ചാക്കോ ങട, ഞഉ എന്നിവര്‍ ഫോറത്തില്‍ സെമിനാറുകള്‍ നയിച്ചു.

ഡോ. ശ്രീകുമാരന്‍ നായര്‍ സ്ട്രോക്ക്, പാര്‍ക്കിന്‍സന്‍, അല്‍ഷിമേര്‍ഴ്സ്, ഡിമെന്‍ഷിയ എന്നീ രോഗങ്ങള്‍ പ്രതിപാദ്യമാക്കി ക്ളാസുകള്‍ നയിച്ചു.

രോഗനിവാരണവും ചികിത്സാരീതികളും പരിചരണവും വിശദീകരിച്ച ഒരുമണിക്കൂര്‍ ക്ളാസ് ഏവര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമായി.

ജയ ചാക്കോ ജെറിയാട്രിക്ക് ന്യൂട്രിഷന്‍, ഡയറ്റ് ചേഞ്ച് ഫോര്‍ സീനിയേഴ്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി നയിച്ച സെഷന്‍ മുതിര്‍ന്നവര്‍ സ്വീകരിക്കേണ്ട ഭക്ഷണരീതിയെ പറ്റി അറിവു പകരുന്നതായി. സ്ളൈഡ് ഷോയുടെ സഹായത്തോടെ അവതരിപ്പിച്ച ക്ളാസില്‍ വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, നാര്, ആന്നജം, കൊഴുപ്പ്, മാംസ്യം എന്നിവ ശരിയായ അളവില്‍ ഒത്തുചേര്‍ന്ന സമീകൃത ആഹാരത്തിന്റെ പ്രസ്ക്തിയെപറ്റിയും അതുപോലെ പ്രായമായവര്‍ ഒഴിവാക്കേണ്ട ഭക്ഷണ രീതികളും വിശദീകരിച്ചു. ഇരു സെഷനിലും സദസിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചോദ്യോത്തര വേള ഉണ്ടായിരുന്നു. ജോയ് അമ്പാട്ട് പരിപാടിയുടെ സ്പോണ്‍സര്‍ ആയിരുന്നു. പരിപാടിയോടനുബന്ധിച്ച് ഉച്ചഭക്ഷണവും തയാറാക്കിയിരുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യു സ്വാഗതവും സെക്രട്ടറി റോയ് കൊടുവത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍