ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ ഇടവകദിനം സമുചിതമായി ആഘോഷിച്ചു
Thursday, July 2, 2015 8:10 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ പ്രധാന ഇടവകകളിലൊന്നായ ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ 41 -മാത് ഇടവകദിനം സമുചിതമായി ആഘോഷിച്ചു.

അമേരിക്കയില്‍ ആദ്യമായി പണികഴിച്ച മാര്‍ത്തോമ ദേവാലയം എന്ന പദവി അലങ്കരിക്കുന്ന ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ ജൂണ്‍ 28നു (ഞായര്‍) വിശുദ്ധ കുര്‍ബാനാന്തരം നടന്ന ഇടവകദിന സമ്മേളനം മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ സാന്നിധ്യവും നേതൃത്വവും കൊണ്ട് ശ്രദ്ധേയമായി.

രാവിലെ ഒമ്പതിനാരംഭിച്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കും മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഗായക സംഘത്തിന്റെ ഗാനത്തോടെ ആരംഭിച്ച ഇടവകദിന സമ്മേളനത്തില്‍ അസിസ്റന്റ് വികാരി റവ. മാത്യൂസ് ഫിലിപ്പ് പ്രാര്‍ഥിച്ചു. ഇടവക വികാരി റവ. കൊച്ചു കോശി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി തോമസ് ടി. കോശി ഇടവകയുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവകാംഗങ്ങളായ വിദ്യാര്‍ഥികളില്‍ നിന്നും ഈ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വാലിഡിക്ടോറിയന്‍ ജറിന്‍ ഫിലിപ്പ്, സാലുറ്റോറിയന്‍ ഷോണ്‍ ജോര്‍ജ് എന്നിവര്‍ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്നു ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി സപ്തതി ആഘോഷിക്കുന്ന ഇടവകാംഗങ്ങള്‍ക്കു പൊന്നാട നല്‍കി മെത്രാപ്പോലീത്ത ആദരിച്ചു.

ഇടവകയുടെ ഔട്ട്റീച്ച് മിനിസ്ട്രിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഇംഗ്ളീഷ് സ്പാനിഷ് ഭാഷകളില്‍ തയാറാക്കിയ ലഘുലേഖയുടെ പ്രകാശനം ജയ്സണ്‍ ചെറിയാന്‍ ഒരു കോപ്പി നല്‍കി മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ജൂണ്‍ 27നു 85-ാം വയസിലേക്കു പ്രവേശിച്ച മെത്രാപ്പോലീത്ത കുട്ടികളുടെയും വൈദീകരുടെയും സാന്നിധ്യത്തില്‍ ജന്മദിന കേക്കു മുറിച്ച് ഇടവക ദിന സന്ദേശം നല്‍കി. എപ്പിസ്കോപ്പയായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ മെത്രാപ്പോലീത്ത ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് അനുഭവങ്ങള്‍ പങ്കിട്ടു.

ജസ്ന ജോര്‍ജ് നന്ദി പറഞ്ഞു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി റവ. സിജോ ജോണ്‍ പ്രാര്‍ഥിച്ചു. മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തിനുശേഷം സമ്മേളനം അവസാനിച്ചു. സമ്മേളനത്തിനുശേഷം സ്നേഹ സത്കാരവും നടന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി