ബില ബജാറിയ യൂണിവേഴ്സല്‍ ടെലിവിഷന്റെ തലപ്പത്ത്
Thursday, July 2, 2015 8:04 AM IST
കാലിഫോര്‍ണിയ: നാലു വര്‍ഷം യൂണിവേഴ്സല്‍ ടെലിവിഷന്റെ വൈസ് പ്രസിഡന്റായിരുന്ന മുന്‍ മിസ് ഇന്ത്യ യുഎസ്എ ബില ബജാറിയ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു.

ഇരുപതു വര്‍ഷം മുമ്പുവരെ അമേരിക്കന്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ അമേരിക്കന്‍സ് ഒഴികെ മറ്റുളളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടിരുന്ന സ്ഥാനത്താണ് നിശ്ചയദാര്‍ഢ്യത്തോടെ കഠിന പരിശ്രമത്തിലേര്‍പ്പെട്ട് ബില ബജാറിയ ഉന്നത സ്ഥാനം നേടിയെടുത്തത്.

അമേരിക്കന്‍ ടെലിവിഷന്‍ വ്യവസായ രംഗത്ത് ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ എക്സിക്യൂട്ടീവ് എന്ന ബഹുമതി കൂടി ഇനി ബജാറിയയ്ക്കു സ്വന്തം.

ആദ്യ കാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കള്‍ മക്കളെ എന്‍ജിനിയറോ ഡോക്ടറോ ആക്കുന്നതിനാണു പ്രോത്സാഹിപ്പിച്ചിരുന്നത്. സാഹസികവും അസ്ഥിരവുമായ എന്റര്‍ടെയ്ന്‍മെന്റ് ബിസിനസില്‍ വ്യാപൃതരാവകാന്‍ ആരെയും അനുവദിച്ചിരുന്നില്ല എന്നു ബജാറിയ പറഞ്ഞു.

1996 സിബിഎസില്‍ ഉദ്യോഗം സ്വീകരിച്ചതിനുശേഷം സ്ഥിരോത്സാഹവും ആത്മാര്‍ഥതയുമാണ് ഉന്നത സ്ഥാനലബ്ധിക്ക് സഹായിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ബില ബജാറിയായുടെ നിയമനം എന്റര്‍ ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയിലും ഇന്ത്യന്‍ അമേരിക്കന്‍ സ്വാധീനം വര്‍ധിച്ചു വരുന്നുവെന്നതിന്റെ തെളിവാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍