രക്ഷാ പാക്കേജിന്റെ കാലാവധി കഴിഞ്ഞു; ഗ്രീസിന്റെ ഭാവി തുലാസില്‍
Wednesday, July 1, 2015 8:23 AM IST
ഏഥന്‍സ്: ഗ്രീസിനുള്ള രക്ഷാ പാക്കേജിന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നു യൂറോസോണ്‍ ധനമന്ത്രിമാര്‍ തീരുമാനമെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഐഎംഎഫിന് 1.6 ബില്യന്‍ യൂറോ തിരിച്ചടയ്ക്കാനുള്ള സമയപരിധിയും ഗ്രീസ് ലംഘിച്ചു.

എന്നാല്‍, ഇനിയുമൊരു അവസാന വട്ട ശ്രമത്തിന് ഒരുക്കമാണെന്നാണു യൂറോസോണ്‍ മന്ത്രിമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ രക്ഷാ പദ്ധതി ഗ്രീസ് തന്നെയാണ് മുന്നോട്ടുവയ്ക്കേണ്ടത്. ഐഎംഎഫില്‍നിന്നെടുത്ത ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ആദ്യത്തെ വികസിത രാജ്യമാണ് ഗ്രീസ്.

ഇതിന്റെ ഫലമായി ഗ്രീസ് യൂറോസോണില്‍ നിന്നോ യൂറോപ്യന്‍ യൂണിയനില്‍നിന്നു തന്നെയോ പുറത്താകാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. കുടിശിക മുഴുവന്‍ അടച്ചു തീര്‍ക്കാതെ ഐഎംഎഫ് പുതിയ ഗഡു അനുവദിക്കില്ല.

ഇതിനിടെ, ഗ്രീക്ക് ബാങ്കുകള്‍ക്കുള്ള ലിക്വിഡിറ്റി ലൈഫ്ലൈന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും മരവിപ്പിച്ചിരിക്കുകയാണ്. റേറ്റിംഗ് ഏജന്‍സികള്‍ രാജ്യത്തെ കൂടുതല്‍ ഡൌണ്‍ഗ്രേഡ് ചെയ്തിരിക്കുന്നു.

ജൂലൈ അഞ്ചിനാണു രക്ഷാ പാക്കേജിനുള്ള ഉപാധികള്‍ സംബന്ധിച്ച ഹിതപരിശോധന ഗ്രീസില്‍ നടക്കുന്നത്. ഇതില്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് നോ ആണെങ്കില്‍ പോലും ഗ്രീസ് യൂറോസോണില്‍ തുടരുമെന്നു ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോയ്ബളെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍