യൂറോപ്യന്‍ യൂണിയനിലെ റോമിംഗ് ചാര്‍ജ് നിരോധനം 2017 ജൂണില്‍ പ്രാബല്യത്തില്‍ വരും
Wednesday, July 1, 2015 8:22 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ റോമിംഗ് ചാര്‍ജുകള്‍ നിരോധിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായി. ടെലികോം കമ്പനികളുടെ ശക്തമായ എതിര്‍പ്പു കാരണം അനിശ്ചിതമായി ദീര്‍ഘിച്ച തീരുമാനം ഒടുവില്‍ 2017 ജൂണില്‍ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.

പതിനാലു മാസത്തേക്കു നിയന്ത്രിതമായ നിരക്കില്‍ സര്‍ചാര്‍ജുകള്‍ ഈടാക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കും. തുടര്‍ന്നു ഇന്റര്‍നെറ്റ് ട്രാഫിക്കുകളെല്ലാം തുല്യമായി പരിഗണിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതമാക്കുന്ന ധാരണയും പ്രാബല്യത്തില്‍ വരും. എന്നാല്‍, നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ അനുസരിച്ച് ഇന്റര്‍നെറ്റ് ടിവികള്‍ അടക്കം ചില സേവനങ്ങളെ ഇതില്‍നിന്നൊഴിവാക്കുകയും ചെയ്യും.

റോമിംഗ് ചാര്‍ജ് ഇല്ലാതാകുന്നതോടെ നിലവില്‍ റോമിംഗ് ആവശ്യമുള്ളവര്‍ക്ക് 75 ശതമാനം വരെ ലാഭം കിട്ടും. എന്നാല്‍, മുമ്പ് നിര്‍ദേശിക്കപ്പെട്ട നിയന്ത്രണങ്ങളെക്കാല്‍ ദുര്‍ബലമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന ആരോപണം കാമ്പയിനര്‍മാര്‍ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍