പ്രവാസികള്‍ സൌദി ഭരണകൂടത്തോടു കടപ്പെട്ടിരിക്കുന്നു: സയിദ് മൊയിനലി തങ്ങള്‍
Wednesday, July 1, 2015 8:20 AM IST
ജിദ്ദ: നാടിന്റെ നാനോന്മുഖമായ പുരോഗതിക്കും വിദ്യാഭ്യാസ മത സാമൂഹ്യ രംഗങ്ങളിലെ വിപ്ളവാത്മകമായ മുന്നേറ്റങ്ങള്‍ക്കും പിന്നില്‍ എക്കാലവും കരുത്തു പകരുന്ന പ്രവാസികള്‍ക്ക്, ലോകത്ത് മറ്റൊരു സമൂഹത്തിനും ലഭിക്കാത്ത സ്വീകാര്യത നല്‍കി തൊഴില്‍ രംഗത്തും അനുബന്ധ വ്യാപാര വ്യവസായ മേഖലകളിലും ഉദാര സമീപനം കൈക്കൊള്ളുന്ന സൌദി ഭരണകൂടത്തോടു നാം കടപ്പെട്ടിരിക്കുന്നുവെന്നും ഈ നാടിന്റെ സുരക്ഷയും നന്മയും കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പാണക്കാട് സയിദ് മുയിനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകോത്തമ സൌകര്യങ്ങളൊരുക്കി വിശുദ്ധ ഗേഹങ്ങളുടെ പരിപാലനം ഏറ്റെടുക്കാനും ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കു വിശിഷ്ട സേവനങ്ങള്‍ നല്‍കാനും സൌദി ഭരണകൂടവും കാണിക്കുന്ന ആത്മാര്‍ഥമായ സമര്‍പ്പണ സന്നദ്ധത ഏറെ പ്രശംസനീയമാണ്. നിര്‍ഭയത്വത്തിനും സമാധാനത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സൌദി അറേബ്യ തീര്‍ത്ത മാതൃക തുടരാന്‍ ലോക രാജ്യങ്ങള്‍ തയാറായാല്‍ മാത്രമേ സംഘര്‍ഷരഹിതമായ ഭാവി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ. ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സയിദ് സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍, അബൂബക്കര്‍ അരിമ്പ്ര, അബ്ദുള്ള ഫൈസി കുളപ്പറമ്പ്, അബൂബക്കര്‍ ദാരിമി താമരശേരി, മജീദ് പുകയൂര്‍, ജബാര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു. അലി മൌലവി നാട്ടുകല്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍