ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ വാര്‍ഷിക പിക്നിക്ക് വര്‍ണാഭമായി
Wednesday, July 1, 2015 4:57 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്നിക്ക് ജൂണ്‍ 27 (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ റോക്ക് ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ വളരെ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി.

പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, സന്നിഹിതരായവര്‍ക്കു സ്വാഗതം ആശംസിക്കുകയും പിക്നിക്കിന്റെ ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ആദ്യം എത്തിച്ചേര്‍ന്ന 150 പേര്‍ക്ക് സമ്മാനമായി ടീഷര്‍ട്ട് നല്‍കിക്കൊണ്ടാണു പിക്നിക്കിനു തുടക്കം കുറിച്ചത്. അമേരിക്കയില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന പിക്നിക്കില്‍ ഒരുപക്ഷേ ആദ്യമായിട്ടാവും തട്ടുകടയിലൂടെ ചൂടു ദോശ നല്കിയത്. കുട്ടികള്‍ കൂടുതലും ബാര്‍ബിക്യു ഗ്രില്ലിന്റെ മുന്‍പില്‍ ആയിരുന്നെങ്കില്‍ മുതിര്‍ന്നവരുടെ നിര തട്ടുകടയ്ക്കു മുന്‍പിലായിരുന്നു. പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ തട്ടുകട എന്ന ആശയം വലിയ വിജയം കണ്ടു.

പ്രകൃതി അത്ര അനുകൂലമായിരുന്നില്ലെങ്കിലും പ്രതീക്ഷിച്ചതിലേറെ ആളുകള്‍ എത്തിച്ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്െടന്നു സെക്രട്ടറി അലക്സ് ഏബ്രഹാം അറിയിച്ചു. രാജു യോഹന്നാനും ഈപ്പന്‍ വര്‍ഗീസും പിക്നിക്കിന്റെ കോ-ഓര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിച്ചു. കുരിയാക്കോസ് തരിയന്‍, റോയ് ആന്റണി, ബിനു പോള്‍, ടോമി വെട്ടം, ജോയ്സ് വെട്ടം എന്നിവരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം ആണ് ഈ പിക്നിക്ക് ഇത്രയും വിജയകരമാക്കിയതെന്നു പ്രസിഡന്റ് ഷാജിമോന്‍ വെട്ടം പറഞ്ഞു.

വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടന്ന കായിക മത്സരങ്ങള്‍ നിയന്ത്രിച്ചതു ലൈസി അലക്സ്, ട്രഷറര്‍ ജോണ്‍ ദേവസ്യ എന്നിവരാണ്.

പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഉലഹന്നാന്‍, ഫൊക്കാന ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റീ ബോര്‍ഡ് മെമ്പര്‍ ലീലാ മാരേട്ട് എന്നിവര്‍ ചേര്‍ന്നു വിജയികള്‍ക്കു സമ്മാനദാനവും നിര്‍വഹിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍