സാന്റാ അന്നയില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാളിനു കൊടിയേറി
Wednesday, July 1, 2015 4:56 AM IST
ലോസ്ആഞ്ചലസ്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള സാന്റാ അന്ന സെന്റ് തോമസ് ദേവാലയത്തില്‍ ദുക്റാന തിരുനാളിനു തുടക്കംകുറിച്ചുകൊണ്ട് കൊടിയേറി. ജൂണ്‍ 28-നു (ഞായറാഴ്ച) രാവിലെയുള്ള ആഘോഷമായ ദിവ്യബലിയില്‍ ഫൊറോനാ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി മുഖ്യകാര്‍മികനും, ഫാ. ജോസഫ് മുളങ്ങാട്ടില്‍ എം.സി.ബി.സി, ഫാ. ബോബി വിസി എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.

ദേവാലയത്തിലെ തിരുകര്‍മങ്ങള്‍ക്കുശേഷം പെരുന്നാളിനു ഉയര്‍ത്താനുള്ള കൊടിയും വഹിച്ചുകൊണ്ട് സെന്റ് സേവ്യേഴ്സ് വാര്‍ഡ് പ്രതിനിധി സൈമണ്‍ നീലങ്കാവിലും, ഹോളി ഫാമിലി പ്രതിനിധി ഫ്രാന്‍സിസ് മാത്യൂസും പ്രദക്ഷിണത്തോടൊപ്പം നടന്നുനീങ്ങി.

ബ. വൈദികരോടൊപ്പം സാക്രിസ്റി ജോവി തുണ്ടിയിലും അള്‍ത്താര ബാലന്മാരും, യൂക്രിസ്റിക് മിനിസ്റര്‍മാരും കൊടിമരത്തിനു ചുറ്റിലും നിലയുറപ്പിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് കൊടി ഉയര്‍ത്തി. തത്സമയം ജോസുകുട്ടി മംഗലശേരിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ചടങ്ങിനു മോടികൂട്ടി.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിനു (ശനിയാഴ്ച) വൈകുന്നേരം അഞ്ചിനു സമൂഹബലി, മധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്, നഗരികാണിക്കല്‍ പ്രദക്ഷിണം എന്നിവയില്‍ ഫാ. കുര്യാക്കോസ് വാടാന എംഎസ്ടി, ഫാ. സിജു മുടക്കോടില്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. സോണി സെബാസ്റ്യന്‍ എസ്വിഡി, ഫാ. ജോസഫ് കെന്നഡി, ഫാ. ആഞ്ചലോസ് സെബാസ്റ്യന്‍ എന്നീ വൈദികര്‍ സഹകാര്‍മികരായിരിക്കും.

തിരുനാള്‍ പ്രദക്ഷിണത്തിനും സ്നേഹവിരുന്നിനും ശേഷം 8.30-നു സാന്‍തോം തിയറ്റേഴ്സ് അവതരിപ്പിക്കുന്ന സംഗീത നൃത്ത സാമൂഹിക നാടകം 'വേര്‍പാടിന്റെ നൊമ്പരങ്ങള്‍' അരങ്ങേറും. തുടര്‍ന്നു വിവിധ വാര്‍ഡുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

ഫാ. ഇമ്മാനുവേല്‍, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍, ഷാജി തോമസ്, ശാരി ജോസുകുട്ടി, ടോമി പുല്ലാപ്പള്ളില്‍, പാരീഷ് കൌണ്‍സില്‍ എന്നിവരോടൊപ്പം ഇടവകാംഗങ്ങളും തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ജയ്സണ്‍ ജേക്കബ് ദൃശ്യങ്ങള്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, ലോസ് അഞ്ചലസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം