ഹിതപരിശോധനയെ യൂറോപ്പ് ഭയക്കുന്നതെന്തിനെന്നു സിപ്രാസ്, 'നോ' വോട്ട് പാടില്ലെന്നു ഗ്രീക്ക് ജനതയോട് യൂറോപ്പ്
Tuesday, June 30, 2015 8:32 AM IST
ഏഥന്‍സ്: ഗ്രീസില്‍ സാമ്പത്തിക കാര്യം തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തുന്നതിനെ ക്രെഡിറ്റര്‍മാരും ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഭയക്കുന്നത് എന്തിനാണെന്നു ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ്.

ക്രെഡിറ്റര്‍മാരുമായി രൂപീകരിക്കേണ്ട ധാരണയിലെ വ്യവസ്ഥകളാണ് ജൂലൈ ഏഴിനു നടക്കുന്ന ഹിത പരിശോധനയില്‍ ജനങ്ങളുടെ അഭിപ്രായത്തിനു വിടുന്നത്. കൂടുതല്‍ ആളുകള്‍ ഇതിനെ എതിര്‍ക്കുകയാണെങ്കില്‍ ഉപാധികള്‍ അംഗീകരിക്കില്ലെന്നുതന്നെയാണു സിപ്രാസിന്റെ നിലപാട്.

ഗ്രീസ് മുന്നോട്ടുവച്ച ഉപാധികള്‍ തുടക്കത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നതാണ്. ഇതില്‍നിന്നു പിന്നോട്ടു പോയ യൂറോപ്യന്‍ യൂണിയന്‍ മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണക്കാരെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ബാങ്കുകള്‍ അടച്ചിടാനും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനിടെ വിവിധ റേറ്റിംഗ് ഏജന്‍സികള്‍ ഗ്രീസിനെ ഡൌണ്‍ഗ്രേയ്ഡ് ചെയ്തിട്ടുമുണ്ട്.

അതേസമയം, ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍നിന്നും യൂറോ കറന്‍സിയില്‍നിന്നു പുറത്തുപോകുന്നതു തടയാന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ തീവ്ര ശ്രമങ്ങള്‍ തുടരുകയാണ്. ഹിത പരിശോധനയില്‍, രക്ഷാ പാക്കേജ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അനുകൂലമായി വോട്ട് ചെയ്യാനാണ് യൂറോപ്യന്‍ നേതാക്കള്‍ ഗ്രീക്ക് ജനതയോട് ആഹ്വാനം ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍