ഉത്പന്നങ്ങള്‍ക്കു കുറഞ്ഞ വില പ്രദര്‍ശനം: ഒരു ലക്ഷം റിയാല്‍ വരെ പിഴയീടാക്കും
Tuesday, June 30, 2015 8:29 AM IST
ദമാം: ഉത്പന്നങ്ങള്‍ക്കു കുറഞ്ഞ വില മാത്രം പരസ്യപ്പെടുത്തിയുള്ള വാണിജ്യസ്ഥാപനങ്ങളുടെ നിയമ ലംഘത്തിനെതിരെ 'വില കൃത്യമാക്കുക' എന്ന പേരില്‍ സൌദി വാണിജ്യ വ്യവസായ മന്ത്രാലയം വിപുലമായ കാമ്പയിനു ഒരുങ്ങുന്നു.

കാമ്പയിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ മന്ത്രാലയം പരിശോധന നടത്തും.

കൃത്യമായ വില വ്യക്തമാക്കാതെ കുറഞ്ഞ വില മാത്രം പ്രദര്‍ശിപ്പിച്ച് സ്ഥാപനങ്ങള്‍ തങ്ങളെ കമ്പളിപ്പിക്കുന്നതായി നിരവധി സ്വദേശികളും വിദേശികളും മന്ത്രാലയത്തോടു പരാതിപ്പെട്ടിരുന്നു.

വ്യത്യസ്ഥ വിലയുള്ള ഉത്പന്നങ്ങള്‍ ഒരു സ്ഥലത്തു കുറഞ്ഞ വില മാത്രം രേഖപ്പെടുത്തിയുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന രീതി ഇനി നടപ്പില്ലെന്നു മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

ഉത്പന്നങ്ങളുടെ കൃത്യമായ വില പരസ്യപ്പെടുത്തുന്നതിനും ഉത്പന്നങ്ങളുടെ മേല്‍ കൃത്യമായ വില രേഖപ്പെടുത്തുന്നതിനും നിയമ ലംഘനങ്ങള്‍ ഒഴിവാക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങള്‍ക്കു ഇന്നു മുതല്‍ എട്ടു ദിവസത്തെ സാവകാശം നല്‍കുമെന്നു മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങള്‍ക്കു സ്ഥാപനങ്ങളുടെ പേരില്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയീടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നല്‍കി. കൃത്യമായ വില രേഖപ്പെടുത്താത്തതിനു ഓരോ ഉത്പന്നത്തിനും 5000 റിയാല്‍ വരെ പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം