പിസിഎഫ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Tuesday, June 30, 2015 8:18 AM IST
ജിദ്ദ: പിഡിപിയുടെ പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയ ഹില്‍ടോപ്പ് ഹോട്ടലില്‍ ജിദ്ദയിലെ വിവിധ സംഘടനാ പ്രധിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഇഫ്താറിനുശേഷം കൂടിയ സംഗമത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ഓയൂര്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ മജാരിദ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ ഹാരിസ് ചോനാരിയുടെ കേസിലടക്കം ജിദ്ദ പിസിഎഫ് ഇടപെട്ട വിഷയങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു.

നീതിനിഷേധത്തിനിരയായി സോപാധിക ജാമ്യത്തില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുവാനുള്ള പോരാട്ടത്തില്‍ എല്ലാവിധ സഹായവും ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നു സിറാജുദ്ദീന്‍ സഖാഫി പെരുമ്പാവൂര്‍ റംസാന്‍ സന്ദേശം നല്‍കി. അല്ലാഹു നോമ്പ് ഈ സമൂഹത്തിനു നിര്‍ബന്ധമാക്കിയത് ഭയഭക്തിയുള്ളവരാകാന്‍വേണ്ടിയാണെന്നും കാരുണ്യപ്രവര്‍ത്തനങ്ങളിലും സാമൂഹ്യസേവനത്തിലും കൂടുതല്‍ ശ്രദ്ധയൂന്നിയും ആരാധാനകളില്‍ മുഴുകിയും നോമ്പിന്റെ ചൈതന്യം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം സദസിനെ ഉണര്‍ത്തി. ഭരണഘടന അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നീതി നിഷേധത്തിനെതിരേയും മനുഷ്യാവകാശ ലംഘനത്തിനെതിരേയും ജനാധിപത്യമാര്‍ഗത്തില്‍ പ്രതിഷേധിക്കണമെന്നും മഅ്ദനിയോടു ഭരണകൂടവും പോലീസും കടുത്ത നീതിനിഷേധമാണു കാണിക്കുന്നതെന്ന് ആശംസാ പ്രസംഗം നടത്തിയ വിവിധ സംഘനാ പ്രതിനിധികളായ വി.കെ. റൌഫ്, കെ.ടി.എ. മുനീര്‍, ചെമ്പന്‍ അബാസ്, അഡ്വ. കെ.എച്ച്.എം. മുനീര്‍, ഷംസുദ്ദീന്‍ മുസ്ലിയാര്‍ കാഞ്ഞിപ്പുഴ എന്നിവര്‍ പറഞ്ഞു. ആക്ടിംഗ് സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി സ്വാഗതവും നാഷണല്‍ കമ്മിറ്റിയംഗം ഉമര്‍ മേലാറ്റൂര്‍ നന്ദിയും പറഞ്ഞു. ഇഫ്ത്താറിന് പി.എ. മുഹമ്മദ് റാസി വൈക്കം, ഷിഹാബ് പൊന്‍മള, ബക്കര്‍ സിദ്ദീഖ് പെരിന്തല്‍മണ്ണ, ഇസ്മായില്‍ ത്വാഹ കാഞ്ഞിപ്പുഴ, മുസ്തഫ മലപ്പുറം, അബ്ദുള്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍