ഭക്ഷ്യ വിഷബാധ: വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്
Monday, June 29, 2015 8:14 AM IST
ലണ്ടന്‍: ന്യൂയോര്‍ക്കില്‍നിന്ന് കുവൈറ്റിലേക്കു പോകേണ്ടിയിരുന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ചില യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതാണു കാരണം.

ബെല്‍ജിയത്തിനു മുകളില്‍ കൂടി പറക്കവെ ഫ്ളൈറ്റ് കെയു188 എമര്‍ജന്‍സി പ്രഖ്യാപിക്കുകയായിരുന്നു. ഒരാള്‍ക്കു മാത്രമുണ്ടായ മെഡിക്കല്‍ എമര്‍ജന്‍സിയായിരുന്നു എന്ന് ഹീത്രൂ വിമാനത്താവള വക്താവ് പിന്നീട് അറിയിച്ചു.

അറുപത്തൊമ്പതുകാരി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മെട്രോപൊളിറ്റന്‍ പോലീസും അറിയിച്ചു. കുവൈറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ വെള്ളിയാഴ്ച 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുവൈറ്റിലേക്കുള്ള വിമാനം ഹീത്രൂവില്‍ ഇറക്കിയതിന് ഇതുമായി ബന്ധമുണ്ടോ എന്നു സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇല്ലെന്ന് വക്താവ് സ്ഥിരീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍