അജയ് വിക്ടോറിയ പ്രസംഗ മത്സര ജേതാവ്
Monday, June 29, 2015 8:14 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയായിലെ യുവജനങ്ങള്‍ക്ക് പ്രസംഗപരിശീലനം നല്‍കുന്നതില്‍ പ്രശസ്തരായ റോസ്ട്രം ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ വിക്ടോറിയ വോയ്സ് ഓഫ് യൂത്ത് പ്രസംഗ മല്‍സരത്തില്‍ മലയാളിയായ അജയ് ജെയ് വിജയിയായി.

ഓസ്ട്രേലിയായിലെ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ 40വര്‍ഷമായി നടത്തി വരുന്ന പ്രസംഗ മല്‍സരത്തില്‍ ആദ്യമായാണ് ഒരു മലയാളി വിദ്യാര്‍ഥി ജൂണിയര്‍ വിഭാഗത്തില്‍ വിക്ടോറിയ സംസ്ഥാനത്തില്‍ വിജയി ആകുന്നത്.

സൌത്ത് മൊറാങ്ങിലെ മെരിമെഡ് കാത്തലിക് കോളജിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ അജയ്, മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാഗംങ്ങളായ ജെയ് കുര്യന്റെയും ഷാന്റിയും മകനാണ്. പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന അജയ് അക്കാഡമിക് സ്കോളര്‍ഷിപ്പും നേടിയിട്ടുണ്ട്. ഡിബേറ്റിംഗ് മല്‍സരങ്ങളിലും കഴിവു തെളിയിച്ചിട്ടുള്ള അജയ്, സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ അള്‍ത്താര സംഘത്തിന്റെ ലീഡറായും പ്രവര്‍ത്തിക്കുന്നു. മലയാളം എഴുതുന്നതിലും സ്ഫുടമായി സംസാരിക്കുന്നതിലും അഭിമാനം കൊള്ളുന്ന അജയ് ഒന്നാം ക്ളാസു മുതല്‍ ഓസ്ട്രേലിയയിലെ സ്കൂളുകളിലാണ് പഠിച്ചത് എന്നത് ശ്രദ്ധേയമാണ്.

ജൂലൈ 24 മുതല്‍ ന്യൂസൌത്ത് വെയില്‍സിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന നാഷണല്‍ ലെവല്‍ മല്‍സരത്തിനായി തയാറെടുക്കുന്ന അജയിനെ, മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു. ഓസ്ട്രേലിയായിലെ വളര്‍ന്നു വരുന്ന മലയാളി യുവജനങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായി മാറിക്കഴിഞ്ഞ അജയ് അടുത്ത വിജയത്തിനായി കാത്തിരിക്കുകയാണ് ഓസ്ട്രേലിയായിലെ മലയാളി സമൂഹം.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍