മലയാള സിനിമയുടെ അമേരിക്കയിലെ ആദ്യത്തെ പ്രീമിയര്‍ ഷോ വന്‍ വിജയം
Monday, June 29, 2015 7:24 AM IST
ന്യൂജേഴ്സി: ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയുടെ പ്രീമിയര്‍ ഷോ വിജയകരമായി നടത്തി. നൂറുകണക്കിനാളുകള്‍ ന്യൂജേഴ്സി എഡിസണില്‍ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമ തിയേറ്ററില്‍ എത്തി.

ഏറെ ശ്രദ്ധേയമായ അക്കരക്കാഴ്ചകള്‍ എന്ന സിറ്റ്കൊമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച അജയാന്‍ വേണുഗോപാലന്റെ കഥയെ ആസ്പദമാക്കി നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജ്, നിവിന്‍ പോളി, ഭാവന കൂടാതെ അമേരിക്കയിലെ മറ്റു നടന്‍മാരും നടികളും അഭിനയിച്ച 'ഇവിടെ' എന്ന സിനിമയുടെ പ്രീമിയര്‍ ചടങ്ങിനോടൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുകയും ചെയ്തു. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജികുമാര്‍, സേതു കൃഷ്ണന്‍, അനിയന്‍ ജോര്‍ജ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

ഹോളിവുഡ് സിനിമകളില്‍ കണ്ടു വരുന്ന മേയ്ക്കിംഗ് ശൈലിയില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പതിവ് വ്യക്തി മുദ്രയില്‍ പിറന്ന ചിത്രമാണ് 'ഇവിടെ'. ഒരു ക്രൈം ത്രില്ലറിലുപരി വരുണ്‍ ബ്ളൈക്ക് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ ഔദ്യോഗിക ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണു സിനിമ ചര്‍ച്ച ചെയ്യുന്നത്.

സംവിധായകന്‍ ശ്യാമപ്രസാദ് പ്രീമിയര്‍ വേദിയില്‍ ഒരുക്കിയ ബിഗ് സ്ക്രീന്‍ വീഡിയോ മെസേജിലൂടെ എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു കൊണ്ടു അമേരിക്കയിലെ പ്രേക്ഷകരോടുള്ള തന്റെ സന്തോഷവും കടപ്പാടും അറിയിച്ചു. തുടര്‍ന്നു ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശനവും നടത്തി. ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് എം.സി. റോഷി ജോര്‍ജും ആനി ലിബുവും സ്വാഗതം ആശംസിച്ചു.

ഇതുപോലെയുള്ള നിരവധി ചടങ്ങുകള്‍ ഇനിയും അമേരിക്കയില്‍ നടത്താനും മലയാള സിനിമയ്ക്ക് അമേരിക്കയില്‍ കൂടുതല്‍ പ്രചാരവും കൂടുതലായി ആളുകളെ മലയാളം സിനിമ നടക്കുന്ന തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും എന്നും സ്വാഗതം പ്രസംഗത്തില്‍ ആനി ലിബു അറിയിച്ചു.

ചിത്രത്തിന്റെ സഹ നിര്‍മാതാവും അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനുമായ അനിയന്‍ ജോര്‍ജ്, ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ച അജയന്‍ വേണുഗോപാല്‍, അഭിനയതാക്കളായ ദീപ്തി നായര്‍, സുനില്‍ വീട്ടില്‍, ഹരിദേവ്, ധനൂഷ് കാര്‍ത്തിക്, സൌണ്ട് റെക്കോര്‍ഡിസ്റ്, ഡിസൈന്‍ നിര്‍വഹിച്ച പ്രേം, ആനി ലിബു എന്നിവര്‍ നിലവിളക്ക് തെളിച്ച് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

അമേരിക്കന്‍ മലയാളിസമൂഹത്തിലെ നിരവധി നേതാക്കളും ബിസിനസ് മീഡിയ രംഗത്തു നിന്നുള്ളവരും പങ്കെടുത്തു. സംഗമം പത്രത്തിനെ പ്രതിനിധീകരിച്ചു ജോസഫ് ഇടിക്കുള, അശ്വമേധം പത്രത്തിന്റെ മധു രാജന്‍, ദിലിപ് വര്‍ഗീസ്, കാന്‍ജ് പ്രസിഡന്റ് ജെ. പണിക്കര്‍, സെക്രട്ടറി അനില്‍ പുത്തന്‍ചിറ പുതിയ പ്രസിഡന്റ് ജെ.പി. കുളമ്പില്‍, സെക്രട്ടറി സ്വപ്ന രാജേഷ്, മുന്‍ പ്രസിഡന്റ് ജിബി തോമസ്, കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഭാരവാഹികള്‍, മിത്രാസ് രാജന്‍ കൂടാതെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു.

മീഡിയ ലൊജിസ്റിക്സ് ആണ് പ്രീമിയറിന്റെ ഇവന്റ് മാനേജ്മെന്റ് നിര്‍വഹിച്ചത്. ദീപ്തി നായര്‍, ജില്ലി സാമുവല്‍, മഹേഷ് മുണ്ടയാട്, റോഷി, അഷിക ഷാഫി, ഒര്‍ഫിയസ് ജോണ്‍ എന്നിവരുടെ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍. പശ്ചാത്തല സംഗീതവും പാട്ടുകളും എഡിറ്റിംഗും എല്ലാം ഒരു ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.