ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിന വാര്‍ഷികമഹോത്സവം ജൂലൈ നാലിന്
Monday, June 29, 2015 7:24 AM IST
ബ്രാംപ്ടണ്‍: ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായി ജൂലൈ നാല് (ശനി) ആഘോഷിക്കുന്നു. കരുണാമൂര്‍ത്തിയായ ഗുരുവായൂരപ്പന്റെ പിറന്നാളായി കണക്കാക്കുന്ന ഈ ദിവസം ശനിയാഴ്ച ആയതുകൊണ്ടു ഭക്തജനങ്ങള്‍ക്കു പങ്കെടുക്കാന്‍ സൌകര്യപ്രദമായിരിക്കും.

തെരക്കു പ്രതീക്ഷിക്കുന്നതിനാല്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്കു 12.30 വരേയും വൈകുന്നേരം നാലുമുതല്‍ രാത്രി ഒമ്പതു വരെയും നട തുറന്നിരിക്കുന്നതാണ്.

ഇടയ്ക്ക, ചെണ്ട, മുതലായ ക്ഷേത്രവാദ്യങ്ങള്‍, ചുറ്റുവിളക്ക്, നിറമാല, അന്നദാനം, ഭജന, ഭക്തിപ്രഭാഷണം തുടങ്ങി വിപുലമായ രീതിയില്‍ തന്നെ ആയിരിക്കും ആഘോഷം.

രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിശേഷാല്‍ പൂജകളുണ്ടായിരിക്കും. രാവിലെ അഷ്ടപദിയോടു കൂടിയുള്ള പൂജകള്‍ രാവിലെ എട്ടിനു തുടങ്ങുന്ന നാരായണീയ പാരായണയജ്ഞം മുഴുവന്‍ ദിവസവും നീണ്ടുനില്‍ക്കും. 4.30നു അയ്യപ്പ പൂജ, വൈകുന്നേരം 7.30നുള്ള ദീപാരാധനയ്ക്കു ശേഷം രാത്രി എട്ടിന് അത്താഴപൂജയും കഴിഞ്ഞ് ഭക്തിനിര്‍ഭരമായ പ്രഭാഷണത്തോടെ ആഘോഷങ്ങള്‍ അവസാനിക്കും.

നിറമാലയ്ക്കുള്ള പൂവ് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നവര്‍ രാവിലെ ഏഴിന് എത്തിച്ചേരേണ്ടതാണ്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള