അഭയാര്‍ഥി പ്രവാഹം: ഓസ്ട്രിയന്‍ അതിര്‍ത്തികളില്‍ പരിശോധന പുനരാരംഭിക്കും
Monday, June 29, 2015 7:15 AM IST
വിയന്ന: ഈ വര്‍ഷം മേയ് വരെ 19,000 അഭയാര്‍ഥികളെ പരിശോധന
യില്‍ പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ ഓസ്ട്രിയന്‍ അതിര്‍ത്തികളില്‍ വീണ്ടും പോലീസ് പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.

യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്ന് ഓസ്ട്രിയയിലേക്കു നിലവില്‍ വലിയ സുരക്ഷാ പരിശോധനയൊന്നുമില്ല. ഒരു രാജ്യം ഒരതിര്‍ത്തി എന്ന യൂറോപ്യന്‍ യൂണിയന്‍ നിയമം അനുസരിച്ചാണ് അതിര്‍ത്തികളില്‍ നിലവില്‍ പോലീസ് സന്നാഹം ഇല്ലാത്തത്. എന്നാല്‍, ഇതു മുതലെടുത്തുകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വന്‍ തോതിലുള്ള മനുഷ്യക്കടത്ത് വ്യാപകമായിരിക്കുന്നു.
2014 നെ അപേക്ഷിച്ച് 111 ശതമാനം അനധികൃത മനുഷ്യക്കടത്താണ് ഈ വ
ര്‍ഷം മേയ് വരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 19,000 പേര്‍.

എന്നാല്‍ 2014 യുദ്ധക്കെടുതികള്‍ മൂലം 9,000 പേരാണ് ഓസ്ട്രിയയില്‍ അഭയം തേടിയത്. കൂടാതെ ആയിരത്തിലധികം ആള്‍ക്കാര്‍ ടെന്റുകളിലും 149 പേര്‍ പോലീസ് ബാരക്കുകളിലും കഴിയുന്നു. ഇവര്‍ക്കു താമസമൊരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമാണ്. കഴിഞ്ഞയാഴ്ച മാത്രം 6000 പുതിയ അപേക്ഷകള്‍ ആണ് സര്‍ക്കാരിനു ലഭിച്ചത്.

ഈ ഘട്ടത്തിലാണു സംസ്ഥാന ഭരണകൂടങ്ങള്‍ ഉടനടി അതിര്‍ത്തികളില്‍ ചെക്കിംഗ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാന ഭരണതലവന്മാരുടെ സമ്മര്‍ദ്ദം ഇതിനകം സര്‍ക്കാരിനു തലവേദനയായിക്കഴിഞ്ഞു. അതിര്‍ത്തി പരിശോധന പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി യോഹന്നാ മിക്കി ലൈറ്റ്നര്‍ മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍