പരിശുദ്ധ കാതോലിക്ക ബാവയുടെ ഫിലഡല്‍ഫിയ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, June 29, 2015 4:59 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഫിലാഡല്‍ഫിയ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ മൂന്നിനാണു (വെള്ളിയാഴ്ച) കാതോലിക്ക ബാവയുടെ സന്ദര്‍ശനം. 1009 അണ്‍റൂ അവന്യുവിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇതിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കോളോവോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റാമോസ്, മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവരുള്‍പ്പെടെ മറ്റു പ്രമുഖ വിശിഷ്ട വ്യക്തികളും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്.

സെന്റ് തോമസ് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണു പരിശുദ്ധ ബാവായുടെ ഫിലഡല്‍ഫിയ സന്ദര്‍ശനം. ഒപ്പം കാതോലിക്കദിന വിഹിത സമാഹരണം ഏറ്റുവാങ്ങുന്ന ചടങ്ങിലും അദ്ദേഹം സംബന്ധിക്കും. പോലീസ് അകമ്പടിയോടെ ഫിലാഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടലില്‍നിന്നാണ് അദ്ദേഹത്തെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ആനയിക്കുക. വികാരി ഫാ. എം.കെ. കുര്യാക്കോസ്, അസിസ്റന്റ് വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ കത്തിച്ച മെഴുകു തിരികളുമായാണു പരിശുദ്ധ ബാവയെ സ്വീകരിക്കുന്നത്. ചടങ്ങില്‍ സമീപ ഇടവകകളില്‍ നിന്നടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ സംബന്ധിക്കും.

വൈകുന്നേരം ഏഴിനുള്ള പ്രാര്‍ത്ഥനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ നേതൃത്വം നല്‍കും. പെരുന്നാളിനോടനുബന്ധിച്ചുള്ള റാസയ്ക്ക് ചെണ്ടമേളം, വെടിക്കെട്ട് എന്നിവയുമുണ്ടായിരിക്കും.
ശനിയാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ഥന തുടങ്ങും. പരി. കാതോലിക്ക ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന 9.30-നാണു തുടങ്ങുക. സക്കറിയ മാര്‍ നിക്കോളോവോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റാമോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാര്‍ത്തോമ്മാ ശ്ളീഹായുടെ ത്യാഗനിര്‍ഭരമായ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും മധ്യസ്ഥ പ്രാര്‍ത്ഥനകളും തുടര്‍ന്നുണ്ടാകും. ആയിരക്കണക്കിനു നിര്‍ധന രോഗികള്‍ക്കു ശാന്തിഭവനമായി മാറുന്ന പരുമല സെന്റ് ഗ്രിഗോറിയോസ് കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരി. കാതോലിക്ക ബാവ വിശ്വാസികളോടു സംസാരിക്കും.

ഉച്ചയ്ക്ക് ശേഷം 2.30-ന് ആരംഭിക്കുന്ന പൊതുയോഗത്തിലും പരി. കാതോലിക്ക ബാവയുടെ സാന്നിധ്യമുണ്ടാകും. യോഗത്തില്‍ ഫിലാഡല്‍ഫിയ, വെര്‍ജീനിയ എന്നീ ഇടവകകളില്‍നിന്നുള്ള വിശ്വാസികളും, വിശിഷ്ടാതിഥികളും പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ സമാഹരിച്ച കാതോലിക്കദിന വിഹിതം പരിശുദ്ധ ബാവ ഏറ്റുവാങ്ങും. നാലുമണിക്ക് പെന്‍സില്‍വേനിയ മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്നുമുണ്ടാകും. പ്രശസ്ത പിന്നണി ഗായകരായ ജെ.എം. രാജു, ലതാ രാജു എന്നിവരാണു ഡിവോഷണല്‍ ഗാനമേള നയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ഫാ. എം.കെ. കുര്യാക്കോസ് (വികാരി) 201.681.1078, റവ.ഫാ. ഗീവര്‍ഗീസ് ജോണ്‍ (അസിസ്റന്റ് വികാരി) 914.720.0136, ഡേവിഡ് ഫിലിപ്പ് (ട്രഷറര്‍) 518.608.6037, മാത്യു സാമുവേല്‍ (സെക്രട്ടറി) 215.667.4200, ഫിലിപ്പ് ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 215.620.6208.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍