ഡാളസ് എയ്സ് ലയണ്‍സ് ക്ളബ്ബ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്: റോള്‍ പ്ളയേഴ്സ് വിജയികള്‍
Saturday, June 27, 2015 8:27 AM IST
ഡാളസ്: ഡാളസ് എയ്സ് ലയണ്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ റോള്‍ പ്ളയേഴ്സ് ടീം ജേതാക്കളായി.

വാശിയേറി നടന്ന ഫൈനലില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് ലൂണറ്റിക്സിനെ 43-41 എന്ന സ്കോറിനു തോല്‍പ്പിച്ചാണ് റോള്‍ പ്ളയേഴ്സ് ചാമ്പ്യന്മാരായത്.

ഇര്‍വിംഗ് സെന്റര്‍ പാര്‍ക്ക് സെന്ററിലാണ് ടൂര്‍ണമെന്റ് നടന്നത്. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ നിരവധി മലയാളി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എയ്സ് ലയണ്‍സ് ക്ളബ്ബിന്റെ നേതൃത്വവും മലയാളികളാണ്.

സമ്മാനദാന ചടങ്ങില്‍ ലയണ്‍സ് ക്ളബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെന്‍ ഗ്ളീസന്‍, എയ്സ് ലയണ്‍സ് ക്ളബ്ബ് സെക്രട്ടറി പോള്‍ സെബാസ്റ്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികള്‍ സമ്മാനിച്ചു. ജോജോ കോട്ടയ്ക്കല്‍ (ജോജോ കാര്‍ റിപ്പയര്‍), ബേബി ഉതുപ്പ് (ഫാര്‍മേഴ്സ് ഇന്‍ഷ്വറന്‍സ്), ജോര്‍ജ് അഗസ്റിന്‍ (ന്യൂയോര്‍ക്ക് ലൈഫ്) എന്നിവര്‍ പരിപാടിയുടെ സ്പോണ്‍സര്‍മാരായിരുന്നു.

ചാരിറ്റി സംഘടനയായ നാഷണല്‍ മാരോ ഡോണര്‍ പ്രോഗ്രാമുമായി ചേര്‍ന്നു ലയണ്‍സ് നടത്തി വരുന്ന ഡോണര്‍ ഡ്രൈവ് കാംപയിനും ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടത്തി. നിരവധി പേര്‍ രക്തദാനത്തിനായി രജിസ്റര്‍ ചെയ്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍