ഗ്രീക്ക് കടക്കെണി: സിപ്രാസ് ഹിതപരിശോധന പ്രഖ്യാപിച്ചു
Saturday, June 27, 2015 8:26 AM IST
ഏഥന്‍സ്: അന്താരാഷ്ട്ര ക്രെഡിറ്റര്‍മാരുമായി ധാരണയിലെത്തുന്നതു സംബന്ധിച്ച് ജനഹിത പരിശോധന നടത്തുമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് പ്രഖ്യാപിച്ചു. രക്ഷാ പാക്കേജ് സംബന്ധിച്ച ജനഹിതമറിയാന്‍ ജൂലൈ അഞ്ചിനാണ് ഹിതപരിശോധന.

താങ്ങാന്‍ കഴിയാത്ത ചെലവുചുരുക്കല്‍ നടപടികളാണ് ക്രെഡിറ്റര്‍മാര്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നും രാജ്യത്തെ അപമാനിക്കുന്ന പദ്ധതികളാണ് അവരുടെ പക്കലുള്ളതെന്നും ടെലിവിഷനിലൂടെ ജനതയെ അഭിസംബോധന ചെയ്യവേ സിപ്രാസ് ആരോപിച്ചു.

ക്രെഡിറ്റര്‍മാര്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഗ്രീക്ക് സര്‍ക്കാര്‍ നേരത്തേ തന്നെ നിരാകരിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ഉപാധികള്‍ വളരെ ഉദാരമാണെന്നും അത് സ്വീകരിക്കാന്‍ ഗ്രീസ് തയാറാകണമെന്നുമാണ് ജര്‍മനി ആവശ്യപ്പെടുന്നത്.

ജൂണ്‍ മുപ്പതിനു മുമ്പ് ഐഎംഎഫിന് 1.5 ബില്യന്‍ യൂറോയാണ് ഗ്രീസ് തിരിച്ചടയ്ക്കാനുള്ളത്. ക്രെഡിറ്റര്‍മാരുടെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ രക്ഷാ പാക്കേജിന്റെ രണ്ടാം ഘട്ടം ഗ്രീസിനു ലഭിക്കുകയുമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍