ജര്‍മന്‍ പര്യടനം പൂര്‍ത്തിയാക്കി എലിസബത്ത് രാജ്ഞി മടങ്ങി
Saturday, June 27, 2015 8:25 AM IST
ബര്‍ലിന്‍: നാലു ദിവസം നീണ്ടു നിന്ന ജര്‍മന്‍ പര്യടനം പൂര്‍ത്തിയാക്കി രാജ്ഞി വെള്ളിയാഴ്ച ലണ്ടനിലേക്ക് മടങ്ങി.

ജര്‍മനിയിലെ മൂന്നു സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ 13 പൊതുപരിപാടികളില്‍ മുഖം കാണിച്ച രാജ്ഞിയും 94 കാരനായ ഭര്‍ത്താവ് ഫിലിപ്പ് രാജാവും സാധാരണക്കാരുടെ ഇടയില്‍ വളരെ വിനയാന്വിതരായിട്ടാണ് സ്നേഹാദരം ഏറ്റുവാങ്ങി ലണ്ടനിലേയ്ക്ക് മടങ്ങിയത്.

നാലുദിവസത്തെ രാജ്ഞിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജര്‍മന്‍ സര്‍ക്കാര്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. ഇതിനായി ഖജനാവില്‍ നിന്ന് കോടികളാണ് ചെലവഴിച്ചത്. കൂടാതെ സന്ദര്‍ശനത്തിനിടയില്‍ രാജ്ഞി എലിസബത്തിന്റെ ജന്മദിനം ഇത്തവണ ആഘോഷിച്ചത് ജര്‍മന്‍ തലസ്ഥാനത്ത്. ബര്‍ലിനിലെ ബ്രിട്ടീഷ് അംബാസഡറുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

സ്ട്രോബറിയും ക്രീമും സഹിതം സമ്പൂര്‍ണ ബ്രിട്ടീഷ് രീതിയില്‍ തന്നെയായിരുന്നു ഗാര്‍ഡന്‍ പാര്‍ട്ടി. പുല്‍ത്തകടിയില്‍ ഒത്തുചേര്‍ന്ന 650 അതിഥികളില്‍ ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌക്കും ഉള്‍പ്പെട്ടു.

ബ്രിട്ടീഷ് അംബാസഡര്‍ സര്‍ സൈമണ്‍ മക്ഡോണള്‍ഡാണ് പാര്‍ട്ടിക്ക് ആതിഥ്യം വഹിച്ചത്. ജര്‍മന്‍ സന്ദര്‍ശനത്തിനിടെ, നാസി ഭരണകാലത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ചിലതും രാജ്ഞി സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍