മാര്‍ത്തോമ മെത്രാപ്പോലീത്തായ്ക്ക് ഹൂസ്റണില്‍ ഊഷ്മള വരവേല്‍പ്പു നല്‍കി
Saturday, June 27, 2015 8:22 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായ്ക്ക് ഹൂസ്റണിലെ മാര്‍ത്തോമ വൈദികരുടെയും ഇടവകകളുടെ ചുമതലക്കാരുടെയും നേതൃത്വത്തില്‍ ഹോബി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പയും ഭദ്രാസന സെക്രട്ടറി റവ. ബിനോയി ജെ. തോമസ്, മെത്രാപ്പോലീത്തായുടെ ചാപ്ളെയിന്‍ റവ. സിജോ ശാമുവല്‍ എന്നിവരും മെത്രാപ്പോലീത്തായെ അനുഗമിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ ട്രിനിറ്റി ഇമ്മാനുവല്‍ ഇടവകകളുടെ വികാരിമാരായ റവ. കൊച്ചുകോശി ഏബ്രഹാം, റവ. സജു മാത്യു, അസിസ്റന്റ് വികാരിമാരായ റവ. മാത്യൂസ് ഫിലിപ്പ്, റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

മെത്രാപ്പോലീത്ത അമേരിക്കന്‍ മണ്ണില്‍ ആദ്യമായി സന്ദര്‍ശിച്ചതിന്റെ 50-#ാമത് വാര്‍ഷികവും കൂടിയാണ് ഈ വര്‍ഷം. 1995 ഫെബ്രുവരി എട്ടിന് എപ്പിസ്കോപ്പയായി ചുമതലയേറ്റ മെത്രാപ്പോലീത്ത മേല്‍പട്ട സ്ഥാനത്ത് 40 വര്‍ഷങ്ങളും പൂര്‍ത്തീകരിച്ചു.

മലങ്കരസഭയുടെ ഇരുപത്തൊന്നാമത്തെ മാര്‍ത്തോമ പദവി അലങ്കരിക്കുന്ന മെത്രാപ്പോലീത്തായുടെ 85-ാം ജന്മദിനം സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ശനിയാഴ്ച സ്റാഫോര്‍ഡിലെ ഇമ്മാനുവല്‍ സെന്ററില്‍ വൈകുന്നേരം 5.30നാണ് ജന്മദിന സമ്മേളനം. ചടങ്ങില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, ഓര്‍ത്തഡോക്സ് സഭ സൌത്ത് വെസ്റ് ഭദ്രാസനാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് എന്നിവരും സന്നിഹിതരായിരിക്കും.

ജൂണ്‍ 28നു (ഞായര്‍) രാവിലെ ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ രാവിലെ ഒമ്പതിനു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്കും തുടര്‍ന്നു നടക്കുന്ന ഇടവക ദിന സമ്മേളനത്തിനും മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി