ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളിയില്‍ കാതോലിക്ക ബാവക്ക് സ്വീകരണവും മാര്‍ത്തോമ ശ്ളീഹായുടെ പെരുന്നാളും
Saturday, June 27, 2015 8:20 AM IST
ന്യൂയോര്‍ക്ക്: പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ ബാവായ്ക്കും ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കോളാസ് മെത്രാപ്പോലീത്തായ്ക്കും ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്വീകരണം നല്‍കുന്നു.

ജൂലൈ നാലിനു (ശനി) വൈകുന്നേരം ആറിന് പള്ളി അങ്കണത്തില്‍ പരിശുദ്ധ മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ ബാവായേയും ഇടവക മെത്രാപ്പോലിത്തായേയും വികാരി റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, വൈദികശ്രേഷ്ഠന്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇടവക ട്രസ്റി, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന സന്ധ്യനമസ്കാരത്തിനു ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 8.30നു നടക്കുന്ന ഡിന്നറോടെ ഒന്നാം ദിവസത്തെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.

അഞ്ചിനു (ഞായര്‍) രാവിലെ 8.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് പരിശുദ്ധ മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഇടവക മെത്രാപ്പോലീത്തായും മറ്റു വൈദികരും സഹകാര്‍മികരായിരിക്കും. 11.30നു ശ്ളൈഹിക വാഴ്വ് ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.

ഉച്ചകഴിഞ്ഞ് 2.30ന് കാതോലിക്ക ബാവായേയും ഇടവക മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളാസ്, നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസിനെയും വൈദിക ട്രസ്റി ഫാ. ജോണ്‍സ് കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവരേയും ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഓരോ ഇടവകയില്‍ നിന്നുള്ള സഭാമക്കള്‍ കാതോലിക്കേറ്റ് നിധിയിലേക്ക് ഓരോ ഇടവകയില്‍ നിന്നും വികാരിയും ട്രസ്റിയും സെക്രട്ടറിയും ചേര്‍ന്നു സമര്‍പ്പിക്കുന്ന കാഴ്ച പരിശുദ്ധ ബാവാ സ്വീകരിച്ചു അനുഗ്രഹിക്കും.

പരിശുദ്ധ ബാവായുടെ ഇടവകയിലെ പ്രഥമ ശ്ളൈഹിക സന്ദര്‍ശനം വന്‍ വിജയമാക്കുന്നതിനു വികാരി റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, ഭദ്രാസന കൌണ്‍സില്‍ അംഗം അജിത് വട്ടശേരില്‍, ട്രസ്റി ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി പ്രസാദ് പി. ഈശോ, ജനറല്‍ കണ്‍വീനര്‍ കെ.ജി. ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ 203 508 2690, അജിത്ത് വട്ടശേരില്‍ 845 821 0627, ജോര്‍ജ് വര്‍ഗീസ് 201 926 4875, ഫിലിപ്പ് ഈശോ 845 826 3789, കെ.ജി. ഉമ്മന്‍ 914 623 3055.