കേരള റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനം നടത്തി
Saturday, June 27, 2015 8:19 AM IST
ഹൂസ്റണ്‍: അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൂട്ടത്തിലും വെറും സമയംകൊല്ലികള്‍ മുതല്‍ പൈങ്കിളികളും മഞ്ഞക്കിളികളും വരെയുണ്െടന്ന് പ്രസിദ്ധ സാഹിത്യകാരനായ പീറ്റര്‍ ജി. പൌലോസ് സാഹിത്യത്തിന്റെ അംഗീകൃത മാനദണ്ഡങ്ങളെപ്പറ്റി കേരള റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയില്‍ പ്രസ്താവിച്ചു.

എഴുത്തും സാഹിത്യവും ഉല്‍ഭവിച്ചതും തുടര്‍ന്നു പോന്നതും ചില അംഗീകൃത മാനദണ്ഡങ്ങളെ നിലനിര്‍ത്തിയാണ്. അതു പാലിക്കാത്ത രചനകള്‍ വെറും കാലികമായിരിക്കും. ഇന്നു സാഹിത്യകുപ്പായം അണിയാന്‍ വെമ്പല്‍ കൊള്ളുന്ന പലരും അതിനു അര്‍ഹരല്ല. സമയം കൊല്ലാനായി തട്ടിക്കൂട്ടുന്ന പൈങ്കിളി മുതല്‍ മഞ്ഞക്കിളി എഴുത്തുകള്‍ക്ക് വരെ ദീര്‍ഘായുസില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൂസ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടെയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്സ് ഫോറം ജൂണ്‍ 20നു വൈകുന്നേരം ഹൂസ്റണിലെ സ്റാഫോര്‍ഡിലുള്ള കേരള ഹൌസ് ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ചര്‍ച്ചാ യോഗത്തിലെ അധ്യക്ഷനായി പ്രസിദ്ധ എഴുത്തുകാരന്‍ ടി.എന്‍. സാമുവല്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

സാഹിത്യകാരനൊ, സാഹിത്യത്തിനൊ എഴുത്തുകാരനൊ മാനദണ്ഡങ്ങള്‍ ഇല്ല. മാനദണ്ഡങ്ങളുടെ പേരില്‍ സാഹിത്യകാരന്റെ ചിന്താശക്തിയേയും പ്രതിഭയേയും തളച്ചിടുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു.

എഴുത്തുകാരും ഭാഷാസ്നേഹികളുമായ മാത്യു മത്തായി, ജോസഫ് പുന്നോലി, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, എ.സി.ജോര്‍ജ്, ദേവരാജ് കുറുപ്പ്, ഡോ. മാത്യു വൈരമണ്‍, ബി. ജോണ്‍ കുന്തറ, വല്‍സന്‍ മഠത്തിപറമ്പില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തി. ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന് എന്നിവര്‍ പിതൃദിനം ആഘോഷിക്കുന്ന ദിവസത്തില്‍ എല്ലാ പിതാക്കള്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും സംസാരിച്ചു.