ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു
Saturday, June 27, 2015 8:16 AM IST
ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ അത്ഭുതപ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി.

ജൂണ്‍ 21-നു (ഞായര്‍) രാവിലെ 11നു കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കി. അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ലദീഞ്ഞിനും വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനുശേഷം നേര്‍ച്ച -കാഴ്ച സമര്‍പ്പണത്തോടെ തിരുനാള്‍ സമാപിച്ചു. തിരുനാള്‍ പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, മാര്‍ ഇഞ്ചനാനിയിലിനും തിരുനാള്‍ ഏറ്റെടുത്ത് നടത്തിയവര്‍ക്കും വിശ്വാസി സമൂഹത്തിനും പ്രത്യേകം നന്ദി പറഞ്ഞു. കത്തീഡ്രല്‍ ഗായകസംഘം ഗാനശുശ്രൂഷ നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം