റംസാന്‍ ലളിത ജീവിതത്തിനു പ്രചോദനമാകണം: മുബാറക് സലഫി
Saturday, June 27, 2015 8:14 AM IST
റിയാദ്: വ്രതാനുഷ്ഠാനം ആത്മീയബോധം വളര്‍ത്തുന്നതോടൊപ്പം വിശ്വാസികളുടെ ജീവിതത്തില്‍ ലാളിത്യം വളര്‍ത്തിയെടുക്കാന്‍ കൂടി പ്രചോദനമാകണമെന്ന് ഷിഫാ ജാലിയാത്ത് പ്രബോധകന്‍ മുബാറക് സലഫി.

റിയാദ് നസീം ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ ഇഫ്താര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അള്ളാഹുമായി കൂടുതല്‍ അടുക്കാനുള്ള സന്ദര്‍ഭമായ റംസാനിനെ വിശ്വാസത്തിന്റെ കരുത്തോടെ സമീപിച്ചു കൊണ്ട് പ്രവാചകന്റെ ലളിത ജീവിതത്തെ സ്വന്തം ജീവിത ശൈലിയാക്കാന്‍ കൂടി വിശ്വാസികള്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

നസീം ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എന്‍ജിനിയര്‍ അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം സംഗമം ഉദ്ഘാടനം ചെയ്തു. ആര്‍ഐസിസി ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ഉമര്‍ ഷരീഫ്, വി.പി. നൌഫല്‍ മദീനി, എന്‍ജിനിയര്‍ മുഹമ്മദ് റഫീഖ്, ഉനൈസ് ബിന്‍ കാസിം, ഇഖ്ബാല്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

ക്യുഎച്ച്എല്‍സി ഒന്നാം ഘട്ട പരീക്ഷയില്‍ നസീം ഏരിയയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനവും രണ്ടാം ഘട്ട രജിസ്ട്രേഷന്‍ ഉദ്ഘാടനവും സംഗമത്തില്‍ നിര്‍വഹിച്ചു. കാസിം അറക്കല്‍, അഷ്റഫ് തേനാരി, ഫസ്ലുല്‍ ഹഖ് മമ്പാട്, സലീം പൊന്നാനി, മുഹമ്മദ് കൊല്ലം, അബ്ദുള്‍ ലത്തീഫ് അരീക്കോട് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍