ഓസ്ട്രലിയയില്‍ നിര്‍മിക്കുന്ന മലയാള സിനിമയുടെ ഗാനം യുട്യൂബില്‍ ഹിറ്റാകുന്നു
Saturday, June 27, 2015 8:13 AM IST
മെല്‍ബണ്‍: വൈക്കം വിജയലക്ഷ്മി, എ. ശ്രീരാം കൂട്ടുകെട്ട് മറ്റൊരു സൂപ്പര്‍ഹിറ്റ് ഗാനം ഓസ്ട്രേലിയ മൈ ഹേര്‍ട്ട്ലാന്‍ഡ് എന്ന സിനിമയിലൂടെ മലയാളത്തിനു സമ്മാനിക്കുന്നു. ഓസ്ട്രലിയന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മെല്‍ബണ്‍, പെര്‍ത്ത്, അഡ്ലയ്ഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ള നടീ നടന്മാരാണ് അഭിനയിക്കുന്നത്.

മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവു തെളിയിച്ചവരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ഓസ്ട്രലിയയില്‍ ഷൂട്ടിംഗ് ചെയ്ത സിനിമ പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും ഹാസ്യവും പ്രണയവും പങ്കു വയ്ക്കുന്നു. മലയാള താരങ്ങള്‍ക്കൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും സിനിമയില്‍ അഭിനയിക്കുന്നു. ഓസ്ട്രലിയയുടെ സുന്ദരമായ ഭൂപ്രകൃതിയും ബീച്ചുകളും സിനിമയുടെ ആകര്‍ഷണങ്ങളാണ്.

മലയാളത്തിന്റെ മഹാനടന്‍ ശ്രീനിവാസനാണ് സിനിമയുടെ അവതരണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ദിലിപ് ജോസ് ആണ്. ഏതാണ്ട് നൂറോളം നടീനടന്മാര്‍ അണിനിരക്കുന്ന സിനിമയില്‍ അനീഷ് നായര്‍, അഖില ഗോവിന്ദ്, ഷാജി ജേക്കബ്, ടോം, ഹിജാസ്, ഷീന ജോബി, റോബിന്‍ ചാക്കോ, സജി, സീന റോയി, ദിയ ബെന്നി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ സാംസ്കാരിക വൈരുധ്യങ്ങളുടെ ചുഴികളില്‍ പെട്ട് ജീവിതത്തില്‍ പലപ്പോഴും പകച്ചു നില്‍ക്കേണ്ടി വരുന്നു. പുതു തലമുറ പാശ്ചാത്യ സംസ്കാരത്തിലേക്കു വഴി മാറുമ്പോള്‍ പലപ്പോഴും മാതാപിതാക്കള്‍ നിസഹായരായി നോക്കിനില്‍ക്കേണ്ട്ടി വരുന്നു. പുതിയ സംസ്കാരത്തിന്റെ സ്വാധീനം വലിയവരിലും ക്രമേണ മാറ്റങ്ങള്‍ കൊണ്ട്ടുവരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളും നിത്യ ജീവിതത്തിലെ സംഭവങ്ങളുമാണ് സിനിമയുടെ വിഷയം

റോയി കോണിച്ചന്‍, സുരേഷ് വാസുദേവ്, എബ്ജിന്‍ ഏബ്രഹാം, സോണി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ ഓണത്തിനു റിലീസ് ചെയ്യും.