യൂണിയന്‍ ഉടമ്പടി മാറ്റം: കാമറോണ്‍ യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച തുടങ്ങി
Friday, June 26, 2015 8:14 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ബ്രിട്ടന് ഹിതകരമായ ഇളവുകളും മാറ്റങ്ങളും അനുവദിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇതിനകം അനൌപചാരിക ചര്‍ച്ചകള്‍ പലതു കഴിഞ്ഞെങ്കിലും ബ്രസല്‍സില്‍ ഇപ്പോള്‍ നടക്കുന്ന യൂറോപ്യന്‍ കൌണ്‍സില്‍ ഉച്ചകോടിയിലായിരിക്കും ഇത് ആദ്യമായി ഔപചാരിക ചര്‍ച്ചയ്ക്കു വിഷയമാകുന്നത്. ഉച്ചകോടിയുടെ അജന്‍ഡയില്‍ തങ്ങളുടെ ആവശ്യം ഉള്‍പ്പെടുത്താന്‍ ബ്രിട്ടനു സാധിച്ചെങ്കിലും ഗ്രീക്ക് പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തില്‍ അതിനു തന്നെയായിരിക്കും മുഖ്യ പരിഗണന.

ഉച്ചകോടിക്കിടെ മറ്റു രാജ്യങ്ങളുടെ നേതാക്കളെ നേരില്‍ക്കണ്ട് യുകെയുടെ നിലപാടുകള്‍ വിശദീകരിക്കാനാണു കാമറോണ്‍ ശ്രമിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ യുകെയുടെ ഭാവി നിര്‍ണയിക്കാന്‍ 2017ല്‍ ഹിതപരിശോധന നടത്തുമെന്നാണു കാമറോണിന്റെ പ്രഖ്യാപനം. ഇതിനു മുമ്പ് സാധ്യമായ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെയാണു ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

എന്നാല്‍, ഇതിനിടെ കുടിയേറ്റം സംബന്ധിച്ച് ബ്രിട്ടന്‍ നുണകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ആരോപിച്ചത് കല്ലുകടിയായിട്ടുണ്ട്. മധ്യപൂര്‍വേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വരുന്ന അഭയാര്‍ഥികളെ ക്വോട്ട അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നതിനെതിരേ ബ്രിട്ടന്‍ സ്വീകരിച്ച നിലപാടാണ് ഈ പ്രസ്താവനയിലേക്കു മാര്‍ട്ടിന്‍ ഷൂള്‍സിനെ നയിച്ചത്.

കുടിയേറ്റ പ്രശ്നം എല്ലാവരും ചേര്‍ന്ന് നേരിടണമെന്നാണ് ഇറ്റലിയും ഗ്രീസും പോലെ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കേണ്ടിവരുന്ന രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ വ്യക്തിത്വംതന്നെ നഷ്ടപ്പെടുമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റ്യോ റെന്‍സി ഉച്ചകോടിക്കു മുമ്പ് അഭിപ്രായപ്പെട്ടത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനുമായി നടത്തുന്ന ചര്‍ച്ചകളിലും പ്രധാന പ്രശ്നം കുടിയേറ്റ നിയന്ത്രണമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയ്ക്കു മാത്രമായി ഇളവുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണു മറ്റു പ്രബല രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍