കുവൈറ്റ് സ്ഫോടനം: മരണസംഖ്യ കൂടുന്നു
Friday, June 26, 2015 8:12 AM IST
കുവൈറ്റ്: കുവൈറ്റിലെ ഷിയ പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ 25ലേറെപേര്‍ മരിച്ചതായും 202 പേര്‍ക്ക് പരിക്കേറ്റതായും കുവൈറ്റ് ന്യൂസ് ഏജന്‍സി പറഞ്ഞു. സ്വവാബിര്‍ മേഖലയിലെ ഇമാം സാദിഖ് പള്ളിയില്‍ ജുമുഅ നമസ്കാരത്തിനു ശേഷമാണു സ്ഫോടനമുണ്ടായത്.

റംസാന്‍ ആയതിനാല്‍ പള്ളിയില്‍ നല്ല തിരക്കായിരുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി കുട്ടികളുമുണ്ട്. കുവൈറ്റിനെ നടുക്കിയ സ്ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ പരിഭ്രാന്തരായി ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളുടെ ഉറ്റവരെ തിരഞ്ഞുകൊണ്ടുള്ള ദാരുണമായ കാഴ്ചകളാണ് എങ്ങുമുള്ളത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷാ നിരീക്ഷണത്തിലാണ്. സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസബാഹും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഏറെ കാലമായി മത വര്‍ഗ വര്‍ണത്തിന് അതീതമായി പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന രാജ്യത്ത് വിഭാഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ആരുടെ ശ്രമവും വച്ചുപൊറിപ്പിക്കില്ലെന്ന് അമീര്‍ പ്രസ്താവിച്ചു. രാജ്യത്ത് അരാജകത്വം ഉണ്ടാക്കുന്നവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശക്തമായ ശിക്ഷകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍