ഓസ്ട്രിയന്‍ കെമിസ്ട്രി ഒളിമ്പിക്സില്‍ വെങ്കലവും, പരിസ്ഥിതി അവാര്‍ഡും ഹര്‍ഷ പൂവേലിക്ക്
Thursday, June 25, 2015 5:31 AM IST
വിയന്ന: സ്യൂദ് ടിറോളില്‍ നടന്ന വിദ്യാര്‍ഥികളുടെ ദേശിയ കെമിസ്ട്രി ഒളിമ്പിക്സില്‍ മലയാളി വിദ്യാര്‍ഥിനിക്കു വെങ്കല മെഡല്‍. ഓസ്ട്രിയയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ 41-മതു കെമിസ്ട്രി ഒളിമ്പിക്സില്‍ വിയന്ന സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥിനിയായ ഹര്‍ഷ പൂവേലിയാണു വെങ്കലം നേടിയത്

ഈ വര്‍ഷത്തെ പ്ളസ് ടു വിദ്യാര്‍ഥികളുടെ പ്രബന്ധ അവതരണത്തില്‍ അലുമിനിയം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങളെ പറ്റി ഹര്‍ഷ തയാറാക്കിയ പ്രബന്ധത്തിന് ഓസ്ട്രിയന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസ്ഥിതി അവാര്‍ഡും ലഭിച്ചു

ഹര്‍ഷ പ്ളസ് ടുവില്‍ തയാറാക്കിയ പ്രബന്ധം സ്കൂള്‍ അധികൃതരുടെ പ്രത്യേക നിര്‍ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയും ഏറ്റവും നല്ല പ്രബന്ധമെന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇക്കോളജിക്കല്‍ അവാര്‍ഡിന് അര്‍ഹമാകുകയും ചെയ്തു

പഠനത്തോടൊപ്പം ക്ളാസിക്കല്‍ നൃത്തംവും മനസ്സില്‍ താലോലിക്കുന്ന ഹര്‍ഷക്ക് ക്ളാസിക്കല്‍ നൃത്തത്തിനു ധാരാളം സമ്മാനങ്ങള്‍ ഇതിന്മുന്‍പ് ലഭിച്ചിട്ടുണ്ട്.

നെടുമ്പാശേരി നായത്തോട് പൂവേലി പരേതരായ ദേവസിയുടെയും മറിയത്തിന്റെയും മകനായ പോള്‍ പൂവേലിയുടെയും, കോതമംഗലം തട്ടേക്കാട് വെളിയല്‍ച്ചാലില്‍ മോളിയുടെയും രണ്ടാമത്തെമകളാണ് ഹര്‍ഷ. ബ്രൈറ്റന്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിനിയായ ദീപ്തി ഏക സഹോദരിയാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍