വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിനു പാലക്കാട് കെഎംസിസി മൂന്ന് ലക്ഷം രൂപ കൈമാറി
Thursday, June 25, 2015 5:01 AM IST
ദമാം: വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ പറക്ക മുറ്റാത്ത മക്കള്‍ക്കു കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ധന സഹായം. കൊല്ലം ജില്ലയിലെ കൊല്ലൂര്‍വിള പള്ളിമുക്ക് സ്വദേശി പാലില്‍ തെക്കേതില്‍ റഫീഖിന്റെ നിര്‍ധനരായ മക്കള്‍ക്കാണു പാലക്കാട് കെഎംസിസി ധനസഹായം നല്‍കിയത് .

ജില്ലാ കമ്മിറ്റി സമാഹരിച്ച മൂന്നു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിനു വേണ്ടി കൊല്ലം ജില്ലാ കെഎംസിസി സാരഥി നവാബ് ഏറ്റുവാങ്ങി. കെഎംസിസി നേതാക്കളായ ടി.എം. ഹംസ, ഖാലിദ് തെങ്കര, ബഷീര്‍ ബാഖവി, ജാബിര്‍ മണ്ണാര്‍ക്കാട്, ഷബീര്‍ തേഞ്ഞിപ്പലം എന്നിവര്‍ സംബന്ധിച്ചു.

ധന സമാഹരണത്തിനു നേതൃത്വം നല്‍കിയ ഖാലിദ് മാസ്ററെ ചടങ്ങില്‍ അഭിനന്ദിച്ചു. ദമാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ റഫീഖും സഹപ്രവര്‍ത്തകരും ഉംറ തീര്‍ഥാടനത്തിനിടെ താ ഇഫില്‍വച്ചാണു അപകടത്തില്‍പ്പെട്ടത്. ഇവര്‍ യാത്ര ചെയ്തിരുന്ന ഇന്നോവ കാര്‍ ടയര്‍ പൊട്ടി മറിയുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 26 നായിരുന്നു ദുരന്തം.

അപകടത്തില്‍ സംഭവസ്ഥലത്തുവച്ച് തന്നെ റഫീഖ് മരണപ്പെടുകയും സഹപ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട് സ്വദേശി ഷൌക്കത്തിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താഇഫ് കെഎംസിസിയുടെ നേതൃത്വത്തില്‍ ഷൌക്കത്തിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വദേശത്തേക്കു കൊണ്ടു പോകുകയും റഫീഖിന്റെ മയ്യിത്ത് നാട്ടിലെത്തിച്ച് സംസകരിക്കുകയും ചെയ്തു. പിന്നീട് ദമാം പാലക്കാട് കെഎംസിസി ഷൌക്കത്തിന്റെ തുടര്‍ ചികിത്സയ്ക്കായി മുന്നോട്ടുവരികയും വിവര മറിഞ്ഞ ഷൌക്കത്ത് മരിച്ച റഫീഖിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ ജില്ലാ കമ്മിറ്റിയെ ധരിപ്പിക്കുകയുമായിരുന്നു. തനിക്കുവേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം കൂടി സ്വന്തം പരിതസ്ഥിതികള്‍ പോലും മറന്ന് സഹപ്രവര്‍ത്തകന്റെ അനാഥര്‍ക്ക് എത്തിക്കാനായിരുന്നു ഷൌക്കത്തിന്റെ അഭ്യര്‍ഥന. ഈ ഉദാരത പ്രവര്‍ത്തിയാണു കുറഞ്ഞ സമയം കൊണ്ട് ഈ ഫണ്ട് വിജയിപ്പിക്കാന്‍ തങ്ങള്‍ക്കു പ്രചോതന മായതെന്ന് ഖാലിദ് മാസ്റര്‍ പറഞ്ഞു. കൊല്ലൂര്‍ വിള പള്ളിമുക്ക് പാലില്‍ തെക്കേതില്‍ അബ്ദുല്‍ റഷീദിന്റെ മകനാണ് മരണപ്പെട്ട റഫീഖ്.മുഹമ്മദ് അദ്നാന്‍ (7), ആലിയ (5) എന്നിവരാണു മക്കള്‍. സ്വന്തമായി വീടുപോലുമില്ലത്ത ഈ കുട്ടികള്‍ പിതൃ സഹോദരിയോടോപ്പമാണു താമസം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം