എലിസബത്ത് രാജ്ഞിക്ക് ജര്‍മനിയില്‍ ഊഷ്മള സ്വീകരണം; മെര്‍ക്കലുമായി കൂടിക്കണ്ടു
Wednesday, June 24, 2015 8:13 AM IST
ബര്‍ലിന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ജര്‍മനി സന്ദര്‍ശിക്കാനെത്തി. ജൂണ്‍ 23നു വൈകുന്നേരം ഏഴിന് ബര്‍ലിന്‍ ടേഗല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാജ്ഞിയെ രാജ്യബഹുമതികളോടെ സ്വീകരിച്ചു. രാജ്ഞിയോടുള്ള ബഹുമാനസൂചകമായി 21 ആചാരവെടികള്‍ മുഴങ്ങി. 22 സേനാംഗങ്ങള്‍ സല്യൂട്ട് ചെയ്തു.

നീല മാന്റലും ടര്‍ക്കിഷ് തൊപ്പിയും ധരിച്ചാണ് ബര്‍ലിനില്‍ രാജ്ഞി വിമാനമിറങ്ങിയത്. 89 കാരിയായ രാജ്ഞിയോടൊപ്പം 93 കാരനായ രാജാവ് ഫിലിപ്പും അനുഗമിക്കുന്നുണ്ട്. ബര്‍ലിനിലെ അഡ്ലോണ്‍ ഹോട്ടലിലാണ് രാജ്ഞിയും കുടുംബാംഗങ്ങളും താമസിക്കുന്നത്. സ്പാര്‍ഗലും ഇളംകോഴിയിറച്ചിയുമായിരുന്നു അത്താഴം. രാജ്ഞിയുടെ സന്ദര്‍ശനാര്‍ഥം ബര്‍ലിന്‍ നഗരത്തില്‍ കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാജ്ഞിക്ക് സഞ്ചരിക്കാന്‍ ബെന്റ്ലി കമ്പനിയുടെ പ്രത്യേക കാറും ബ്രിട്ടനില്‍ നിന്നു കൊണ്ടുവന്നിട്ടുണ്ട്.

ബുധനാഴ്ച ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി രാജ്ഞി ഔദ്യോഗികമായി കൂടിക്കണ്ടു. ഉച്ചയ്ക്ക് മെര്‍ക്കലിന്റെ ചാന്‍സറിയിലായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്നു വൈകിട്ട് ജര്‍മന്‍ പ്രസിഡന്റ് ഗൌക്ക് ഒരുക്കുന്ന അത്താഴവിരുന്നില്‍ രാജ്ഞി പങ്കെടുത്ത് ചര്‍ച്ച നടത്തും. വെള്ളിയാഴ്ച രാജ്ഞിയും സംഘവും മടങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍