ജര്‍മനിയുടെ സ്റെഫി ഗ്രാഫ് ഇനി കേരള ആയുര്‍വേദ ടൂറിസത്തിനു സ്വന്തം
Wednesday, June 24, 2015 8:12 AM IST
ബര്‍ലിന്‍: പ്രശസ്ത ടെന്നിസ് ഇതിഹാസതാരവും ജര്‍മന്‍കാരിയുമായ സ്റെഫി ഗ്രാഫിനെ കേരളത്തിന്റെ ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ജര്‍മന്‍ മലയാളികള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.

പരമ്പരാഗതമായ കേരളത്തിന്റെ ആയുര്‍വേദം ലോക ടെന്നീസിലെ മുന്‍ കീരീട റാണിയായ സ്റ്റെഫി ഗ്രാഫിന്റെ മികവില്‍ വീണ്ടും ആഗോളതലത്തില്‍ പ്രശസ്തിയും അതുവഴി ടൂറിസ്റുകളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാനാവുമെന്നും ജര്‍മന്‍ മലയാളികള്‍ കരുതുന്നു. സ്റെഫിയെ അംബാസഡറാക്കിയതില്‍ ജര്‍മനിയിലെ മലയാളികള്‍ അഭിമാനിക്കുന്നതായി ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ്, ജോണ്‍ കൊച്ചുകണ്ടത്തില്‍, ജോസ് പുതുശേരി തുടങ്ങിയ നേതാക്കള്‍ പറഞ്ഞു.

വിമന്‍സ് ടെന്നീസ് അസോസിയേഷന്റെ റാങ്കിംഗില്‍ തുടര്‍ച്ചയായി 17 വര്‍ഷം (377 ആഴ്ച) സ്റെഫി ഒന്നാം സ്ഥാനം നിലനിര്‍ത്തിയതും ഒരു റെക്കോര്‍ഡാണ്. 22 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ സ്റെഫി ഏറ്റവുമധികം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നാളിതുവരെയുള്ള കരിയറില്‍ 107 കിരീടങ്ങളാണ് സ്റെഫി നേടിയിട്ടുള്ളത്.

1988 ലെ നാല് ഗ്രാന്‍ഡ് സ്ലാമുകള്‍ക്കൊപ്പം സൌത്ത് കൊറിയിലെ സിയോള്‍ ഒളിംപിക്സില്‍ സിംഗിള്‍സ് സ്വര്‍ണവും കരസ്ഥമാക്കിയ സ്റെഫി, ഗോള്‍ഡന്‍ സ്ലാം നേടുന്ന ലോകത്തെ ആദ്യതാരം എന്ന ബഹുമതിക്കര്‍ഹയായി. 1999 ല്‍ അസോസിയേറ്റഡ് പ്രസ് നടത്തിയ സര്‍വേയില്‍ സ്റെഫിയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിത ടെന്നീസ് കളിക്കാരിയായി തെരഞ്ഞെടുത്തിരുന്നു.

നിരവധി തവണ ജര്‍മന്‍ ബെസ്റ് സ്പോര്‍ട്ടലറായി തെരഞ്ഞെടുക്കപ്പെട്ട സ്റെഫി കുട്ടികള്‍ക്കായി ഒരു ചാരിറ്റി ഫൌണ്ടേഷനും സ്ഥാപിച്ചിട്ടുണ്ട്.

സ്റെഫാനി മറിയ ഗ്രാഫ് എന്ന സ്റെഫി ഗ്രാഫ് ജര്‍മനിയിലെ മാന്‍ഹൈം നഗരത്തില്‍ 1969 ജൂണ്‍ 14 നാണ് ജനിച്ചത്. പിതാവ് പീറ്റര്‍ ഗ്രാഫ് പോയ വര്‍ഷം മരിച്ചു. മാതാവ് ഹൈഡി ഗ്രാഫ്. തുടക്കം മുതല്‍ വര്‍ഷങ്ങളോളം പിതാവായിരുന്നു സ്റെഫിയുടെ കോച്ച്. മിഷായേല്‍ ഗ്രാഫ് സ്റെഫിയുടെ സഹോദരനാണ്. പ്രശസ്ത അമേരിക്കന്‍ ടെന്നീസ് താരം അന്ദ്രെ അഗസിയാണ് ഭര്‍ത്താവ്. 2001 ലായിരുന്നു ഇവരുടെ വിവാഹം. ജാദേന്‍, ജാസ് എന്നീ രണ്ടു കുട്ടികളുണ്ട് ഇവര്‍ക്ക്. ലാസ് വേഗാസിലാണ് ഇപ്പോള്‍ താമസം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍