വ്രതശുദ്ധിയുടെ നിറവില്‍ യൂത്ത് ഇന്ത്യ റംസാന്‍ യുവസംഗമം
Wednesday, June 24, 2015 7:24 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി ബുദ്ധിപരമായും സാമ്പത്തികമായും വലിയ പങ്ക് വഹിക്കുന്നവരാണു കേരളീയ മുസ്ലിംസമൂഹമെന്നു പീസ് ടിവി പ്രഭാഷകനും റേഡിയന്‍സ് വീക്കിലി ചീഫ് എഡിറ്ററുമായ ഇജാസ് അഹമദ് അസ്ലം. യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച റംസാന്‍ യുവസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിയാത്മകവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ കുവൈറ്റിലെ പ്രവാസികളായ യുവസമൂഹത്തിനു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി നന്മയുടെ മാര്‍ഗത്തിലൂടെ മുന്നോട്ടു നയിക്കാന്‍ സാധിച്ചാല്‍ പ്രവാസലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആത്മസംസ്കരണത്തിലൂടെ മാത്രമേ ഒരു മനുഷ്യന് തന്റെ രക്ഷിതാവിലേക്കു കൂടുതല്‍ അടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ആത്മസംസ്കരണത്തിന് ഏറ്റവും ഫലപ്രദമായ റംസാന്‍ മാസത്തെ അതിനായി പ്രയോജനപ്പെടുത്തണമെന്നും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം എം.എം. മൊഹിയുദ്ദീന്‍ അഭിപ്രായപ്പെട്ടു. തന്റെ ദേഹേച്ചയെ രക്ഷിതാവിന്‍റെ നിര്‍ദേശങ്ങളിലൂടെ കടിഞ്ഞാണിട്ടു സ്വര്‍ഗം കരസ്ഥമാക്കാന്‍ പണിയെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചരിത്രത്തിലെ താരാപഥങ്ങള്‍ എന്ന വിഷയത്തില്‍ അനീസ് ഫാറൂഖി പ്രഭാഷണം നടത്തി. കെഐജി പ്രസിഡന്റ് കെ.എ. സുബൈര്‍ ഇഫ്താര്‍ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഖൈത്താനിലെ അസദ് അബ്ദുള്‍ അസീസ് അല്‍ സനദ് മസ്ജിദില്‍ സംഘടിപ്പിച്ച റമദാന്‍ യുവ സംഗമത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീക്ക് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.നജീബ് സ്വാഗതവും സിജില്‍ ഖുര്‍ആന്‍ പാരായണവും നടത്തി. ജനറല്‍ സെക്രട്ടറി പി.ടി. ഷാഫി, ഷാഹിദ്, നിസാര്‍ കെ. റഷീദ്, ഷഫീര്‍, മഹ്നാസ്, നൈസാം, ഹഷീബ്, ഹാറൂണ്‍ എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവൂര്‍ ഉദ്ബോധനവും പ്രാര്‍ഥനയും നിര്‍വഹിച്ചു. ഇഫ്താറോടു കൂടി യുവസംഗമം സമാപിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍