വീസ വിതരണം ഭാഗികമായി പുനരാരംഭിച്ചു
Wednesday, June 24, 2015 5:18 AM IST
വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ അമേരിക്കന്‍ വീസ വിതരണത്തിലുണ്ടായ പ്രതിസന്ധി അതിവേഗം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും ജൂണ്‍ 22നു (തിങ്കള്‍) മാത്രം 45,000 വീസകള്‍ വിതരണം ചെയ്തുവെന്നും യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ഒരു ദിവസം ശരാശരി 50,000 വീസകളാണു വിതരണം ചെയ്തു വന്നിരുന്നത്. പൂര്‍ണ തോതില്‍ വീസ വിതരണം എന്ന് ആരംഭിക്കാനാകുമെന്ന് പറയാനാകില്ലെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി.

വീസ വിതരണത്തിലുണ്ടായ തടസം മൂലം നിരവധി അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്െടന്നും അത് എത്രമാത്രമാണെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പതു മുതല്‍ ബയോമെട്രിക് ക്ളിയറന്‍സ് ആവശ്യമായ ഡാറ്റാ ബെയ്സ് ഹാര്‍ഡ് വെയറിലുണ്ടായ സാങ്കേതിക തകരാണു വിതരണം തടസപ്പെടുത്തിയത്.

സാങ്കേതികവിദഗ്ധരും കംപ്യൂട്ടര്‍ എന്‍ജിനിയര്‍മാരും അടങ്ങുന്ന സംഘം ഇരുപത്തിനാലു മണിക്കൂറും പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്നും എത്രയും വേഗം പൂര്‍ണ തോതില്‍ വീസ വിതരണം പുനരാരംഭിക്കുവാന്‍ കഴിയുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍