പല്ലാവൂരിന്റെ നാദപ്രഭയില്‍ മുഴുകി മിഷിഗണ്‍
Wednesday, June 24, 2015 5:09 AM IST
ഡിട്രോയ്റ്റ്: പഞ്ചവാദ്യത്തിന്റെ സര്‍ഗ സംഗീതവുമായി പ്രശസ്ത തായമ്പക വിദ്വാന്‍ പല്ലാവൂര്‍ ശ്രീധരന്‍ മാരാരും സംഘവും കലാക്ഷേത്ര ടെമ്പിള്‍ ഓഫ് ആര്‍ട്സിലെ രാജേഷ് നായരും സംഘവും ചേര്‍ന്നു അവതരിപ്പിച്ച പഞ്ചവാദ്യവും പഞ്ചാരിമേളവും തായമ്പക മേളവും തത്വത്തില്‍ ഒരു പൂരപറമ്പിന്റെ പ്രതീതി ഉളവാക്കി.

തിമിലയും മദ്ദളവും ഇടക്കയും ഇലത്താളവും കൊമ്പും ചേര്‍ന്നതാണു പഞ്ചവാദ്യം. ഡിട്രോയിറ്റിലെ പഞ്ചവാദ്യ പ്രേമികളുടെ ഒരു വന്‍ കൂട്ടംതന്നെ പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു. പുഷ്പദളങ്ങള്‍ വാരിയെറിഞ്ഞും കൈകളുയര്‍ത്തി താളം പിടിച്ചും കാണികള്‍ രംഗം കൊഴുപ്പിച്ചു. പല്ലാവൂര്‍ ശ്രീധരന്‍ മാരാരോടൊപ്പം, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍, തിരുവല്ലത്തൂര്‍ ശിവന്‍, രമേഷ് പൊന്നുകുട്ടന്‍ മാരാര്‍, കോട്ടായി അനൂപ്, രാമചന്ദ്രന്‍ മാരാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മിഷിഗണില്‍ പ്രവര്‍ത്തിച്ചു വരുന്ന കലാക്ഷേത്ര എന്ന, പ്രസ്ഥാനം ഇതുവരെ അനേകം പ്രമുഖ വ്യക്തികളെ ആദരിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തെ തിമില ക്ളാസും കലാക്ഷേത്ര സംഘടിപ്പിച്ചിരുന്നു. കലാക്ഷേത്രക്കുവേണ്ടി രാജേഷ് നായര്‍ പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍ക്കു പൊന്നാട അണിയിച്ചു.

ഡിഎംഎ പ്രസിഡന്റ് റോജന്‍ തോമസ്, കേരള ക്ളബ്ബ് പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതില്‍, കെഎച്ച്എന്‍എ നാഷണല്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മിലന്‍ പ്രസിഡന്റ് ജയിംസ് കുരീക്കാട്ടില്‍, കെഎച്ച്എന്‍എ നാഷണല്‍ കമ്മിറ്റി മെംബര്‍ രാജേഷ് കുട്ടി, ഫോമ നാഷണല്‍ കമ്മിറ്റി മെംബര്‍ വിനോദ് കൊണ്ടൂര്‍ ഡേവിഡ് തുടങ്ങി മിഷിഗണിലെ വിവിധ മലയാളി സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: രജേഷ് നായര്‍ 248 346 5135.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്