അഭയാര്‍ഥികള്‍ക്കായി ശവക്കുഴി തോണ്ടി പ്രതിഷേധ പ്രകടനം
Tuesday, June 23, 2015 8:10 AM IST
ബര്‍ലിന്‍: അഭയാര്‍ഥികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബര്‍ലിനില്‍ നടത്തിയ പ്രക്ഷോഭം വ്യത്യസ്തമായി. പ്രക്ഷോഭകര്‍ കൂട്ടത്തോടെ പ്രതീകാത്മകമായി അഭയാര്‍ഥികള്‍ക്കുവേണ്ടി ശവക്കുഴി തോണ്ടുകയാണു ചെയ്തത്.

ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഓഫീസിലേക്കു മാര്‍ച്ച് ചെയ്യാനായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ച സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ബ്യൂട്ടി എന്ന സംഘടനുടെ ലക്ഷ്യം. എന്നാല്‍, ഇതു പോലീസ് തടഞ്ഞു. ചാന്‍സലറുടെ ഓഫീസിന്റെ മുറ്റത്തു തന്നെയാണ് അഭയാര്‍ഥികളെ സംസ്കരിക്കേണ്ടതെന്നു പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

മൂന്നു ശവപ്പെട്ടികള്‍ ഇവര്‍ എത്തിച്ചെങ്കിലും അതില്‍ മൃതദേഹങ്ങളൊന്നും ഇല്ലായിരുന്നു. ചെറിയ കുഴികള്‍ കുഴിച്ച് മണ്ണു തിരികെ ഇട്ടു മൂടി കുരിശും നാട്ടിയാണു പ്രക്ഷോഭം അവസാനിപ്പിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍