എലിസബത്ത് രാജ്ഞിയുടെ ജര്‍മന്‍ സന്ദര്‍ശനം ജൂണ്‍ 23 മുതല്‍
Tuesday, June 23, 2015 8:10 AM IST
ബര്‍ലിന്‍: എലിസബത്ത് രാജ്ഞിയുടെ ജര്‍മന്‍ സന്ദര്‍ശനം ജൂണ്‍ 23നു (ചൊവ്വ) തുടങ്ങും. വൈകുന്നേരം ഏഴിനു ബര്‍ലിന്‍ ടേഗല്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാജ്ഞിയെ രാജ്യബഹുമതികളോടെ സ്വീകരിക്കും.

89 കാരിയായ രാജ്ഞിയോടൊപ്പം 93 കാരനായ ഫിലിപ്പ് രാജാവും അനുഗമിക്കുന്നുണ്ട്. ജര്‍മന്‍ പ്രസിഡന്റ് ഗൌക്ക്, ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരുമായിട്ടുള്ള ഔദ്യോഗിക കൂടിക്കാഴ്ച ബുധനാഴ്ചയാണ് ഒരുക്കിരിക്കുന്നത്. തന്റെ പൂര്‍വികരുടെ ജന്മനാടായ ജര്‍മനിയില്‍ ഇത് ഏഴാം തവണയാണ് എലിസബത്ത് രാജ്ഞി ജര്‍മനി സന്ദര്‍ശനം നടത്തുന്നത്.

രാജ്ഞിയുടെ ജര്‍മന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അവരെ കാണാന്‍ നാലു മത്സരാര്‍ഥികള്‍ അര്‍ഹത നേടിയിട്ടുണ്ട്. ഫേസ്ബുക്ക് വഴി സംഘടിപ്പിച്ച മത്സരത്തിലാണു ബ്രിട്ടീഷ് രാജ്ഞിയെ കാണാന്‍ അവസരം കിട്ടുന്നത്. ബ്രിട്ടീഷ് എംബസിയില്‍ നടത്തുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയിലായിരിക്കും കൂടിക്കാഴ്ച. രാജ്ഞിയെ കാണുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് ബ്രിട്ടീഷ് അംബാസഡര്‍ ഇവര്‍ക്ക് ക്ളാസെടുത്തിരുന്നു. രാജ്ഞിയുടെ എണ്‍പത്തൊമ്പതാം പിറന്നാള്‍ ആഘോഷവും ഇതോടൊപ്പം നടത്തും. അറുനൂറോളം അതിഥികള്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്.

ഏപ്രില്‍ 21 നാണു രാജ്ഞിയുടെ ജന്മദിനം ഔദ്യോഗികമായി ആഘോഷിച്ചു വന്നിരുന്നത്. എന്നാല്‍, ഇത്തവണ ജര്‍മനിയിലേക്കുള്ള അഞ്ചാം സ്റേറ്റ് വിസിറ്റിനോടനുബന്ധിച്ച് ഇതു നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 23 മുതല്‍ 26 വരെയാണു രാജ്ഞിയുടെ ജര്‍മന്‍ സന്ദര്‍ശനം.

ആറു മാസം, നൂറു ചടങ്ങ്; എണ്‍പത്തൊമ്പതാം വയസില്‍ രാജ്ഞിയുടെ കഠിനാധ്വാനം

ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനു വയസ് 89 ആയി. എന്നാല്‍, ഇന്നും തന്നാലാവുംവിധം കഠിനാധ്വാനം ചെയ്യുന്നു അവര്‍. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്ഞി പങ്കെടുത്ത ചടങ്ങുകള്‍ നൂറിലേറെ.

കഴിഞ്ഞ ആഴ്ച മാത്രം ഏഴു ദിവസംകൊണ്ട് എട്ടു പരിപാടികളിലാണു രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും പങ്കെടുത്തത്. ഇപ്പോള്‍ ആഴ്ചയില്‍ ശരാശരി അഞ്ചു ചടങ്ങുകളിലാണു രാജ്ഞിയുടെ സാന്നിധ്യം. ഇതിനു പുറമേയാണു ദിവസേന കൈകാര്യം ചെയ്യുന്ന മുന്നൂറോളം കത്തുകളും പാര്‍ലമെന്ററി സന്ദര്‍ശനങ്ങളും.

ഈയാഴ്ച ജര്‍മനിയിലേക്കാണു രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും യാത്ര. ബെര്‍ഗെന്‍ ബെല്‍സെനിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് ഇരുവരും സന്ദര്‍ശിക്കും. രാജ്ഞിയുടെ പിറന്നാള്‍ ആഘോഷവും ജര്‍മനിയിലായിരിക്കും നടത്തുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍