ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിച്ചു
Tuesday, June 23, 2015 7:14 AM IST
സൂറിച്ച്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സ്വിറ്റ്സര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തി. സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബാവായെ മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തായും ഗബ്രിയേല്‍ റമ്പാച്ചനും ഷെവലിയാര്‍ കക്കാട്ട് വര്‍ഗീസ് തോമസും മധ്യ യൂറോപ്പ് ഭദ്രാസന കൌണ്‍സില്‍ കാഷ്യര്‍ ബാബു വേതാനി മധ്യ യൂറോപ്പ് ഭദ്രാസന വനിതാസമാജം പ്രതിനിധി സുമ തോമസ് കക്കാട്ട്, സെന്റ് മേരീസ് ഇടവക സെക്രട്ടറി അവിരാച്ചന്‍ കാഞ്ഞരിക്കാട്ട് യുവജന വിഭാഗം പ്രതിനിധി ബിബിയ കക്കാട്ട് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ബാവയോടൊപ്പം മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയും ഫാ. ഷാനു കല്ലിങ്കലും അനുഗമിക്കുന്നുണ്ട്.

കാപ്പല്‍ സെന്റ് ബാര്‍ബറ ഇടവക വികാരി ഫാ. ബേബി ജോര്‍ജ് മഠത്തിക്കുന്നത്തിന്റെയും ഇടവക ഭാരവാഹികളുടെയും ക്ഷണം സ്വീകരിച്ച ശ്രേഷ്ട ബാവാ ദേവാലയം സന്ദര്‍ശിക്കുകയും വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

വനിതാസമാജം അംഗങ്ങള്‍ ജര്‍മന്‍ ഭാഷയില്‍ സ്വാഗതഗാനം പാടിയാണു ബാവയെ വരവേറ്റത്. തുടര്‍ന്നു ബാവ വിശ്വാസികള്‍ക്കു ആശിര്‍വാദം നല്‍കി. തുടര്‍ന്നു ബാവ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള ചാപ്പല്‍ സന്ദര്‍ശിച്ച് അനുഗ്രഹാശിര്‍വാദങ്ങള്‍ നല്‍കി.

രണ്ടുദിവസത്തെ സന്ദര്‍ശന പരിപാടികള്‍ പൂര്‍ത്തിയാക്കി ബാവാ റോമിലേക്കുയാത്ര തിരിച്ചു.

റിപ്പോര്‍ട്ട്: കവിത